പാലക്കാട്: അട്ടപ്പാടിയിലെ ജനസംഖ്യയനുസരിച്ച് ആധാര്‍ ലഭിച്ചവരുടെയും ലഭിക്കാനുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്ന് ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി. അട്ടപ്പാടിയില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്തവര്‍ക്ക് തഹസില്‍ദാര്‍മാരുടെയോ ആര്‍.ഡി.ഒമാരുടെയോ നേതൃത്വത്തില്‍ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വഴി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ പരിശോധിക്കും.
അട്ടപ്പാടിയിലെ ഊരുകളില്‍ എല്ലാവര്‍ക്കും ആധാര്‍ ഉണ്ടെന്നും അത് അപ്ഡേറ്റാണെന്ന് ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഇതിനായി രണ്ടു ഉന്നതികള്‍ തെരഞ്ഞെടുത്ത് 100 ശതമാനം കവറേജ് കൈവരിക്കുന്ന രീതിയിലുള്ള പ്രാഥമിക പഠനം നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല ഐ.ടി മിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലതല ആധാര്‍ കമ്മിറ്റി യോഗത്തിലാണ് നിർദേശം.
അഞ്ചു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും ബയോമെട്രിക് അപ്ഡേഷൻ നടത്തണം. ഇതിനായി വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷ അഭിയാന്‍, ബി.ആര്‍.സി കേന്ദ്രങ്ങളും ചേര്‍ന്ന് ജില്ലയില്‍ സമഗ്രമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കണം.
വകുപ്പുകള്‍ നേരിട്ട് ഇടപെട്ട് ക്യാമ്പുകള്‍ നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആധാര്‍ എടുക്കുന്നതിനായി ഐ.സി.ഡി.എസുമായി ചേർന്ന് ആധാര്‍ ഡ്രൈവ് നടത്തണം. ഇതിനായി പോളിയോ ദിനങ്ങളില്‍ ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. കൂടാതെ യു.ഡി.സി പോര്‍ട്ടല്‍ വഴി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തണം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി ആര്‍.ഡി.ഒമാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
യു.ഐ.ഡി.എ.ഐ പ്രോജക്ട് മാനേജര്‍ ശിവന്‍ വിഷയം അവതരിപ്പിച്ചു. ഐ.ടി മിഷന്‍ ജില്ല പ്രൊജക്ട് മാനേജര്‍ യുസ്‌റ മുഹമ്മദ് സുബ്ഹാന്‍, പാലക്കാട് എന്‍.ഐ.സി സീനിയര്‍ ഡയറക്ടറും ഡിസ്ട്രിക്ട് ഇന്‍ഫോർമാറ്റിക്സ് ഓഫിസറുമായ പി. സുരേഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.