പാലക്കാട്: മഴ പെയ്താൽ ചുണ്ണാമ്പുത്തറ - ചാത്തപ്പുരം റോഡിൽ വാഹനയാത്രക്കാർക്ക് ദുരിതമാണ്. റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടാണ് ദുരിതം തീർക്കുന്നത്. മഴക്കാലത്ത് റോഡിൽനിന്ന് ഒലിച്ചിറങ്ങുന്ന ചളിവെള്ളം അടിപ്പാതയിൽ കെട്ടിനിൽക്കുകയാണ്.
രണ്ടു വർഷം മുമ്പാണ് ചുണ്ണാമ്പുത്തറ - ചാത്തപ്പുരം റോഡിൽ റെയിൽവേ അടിപ്പാത നിർമിച്ചത്. ഇവിടെ ഗേറ്റടക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അടിപ്പാത നിർമിച്ചതെങ്കിലും വെള്ളക്കെട്ട് മൂലമുള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനുമുള്ള പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. വെളിച്ചമില്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ അടിപ്പാതയിലൂടെ ഭീതിയോടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ചളിവെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടാകുന്ന സാഹചര്യവുമുണ്ട്. മഴക്കാലത്ത് അടിപ്പാതയിൽ കൂടുതൽ വെള്ളക്കെട്ടുണ്ടെങ്കിൽ ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പും അപകടമുണ്ടായാൽ ബന്ധപ്പെടേണ്ട എൻജിനീയർമാരുടെ ഫോൺ നമ്പറും പ്രദർശിപ്പിച്ച ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പറക്കുന്നം, ചുണ്ണാമ്പുത്തറ, ജൈനിമേട്, വടക്കന്തറ ഭാഗങ്ങളിൽനിന്ന് ചാത്തപ്പുരം ഭാഗത്തേക്കുള്ള പ്രധാന എളുപ്പവഴി കൂടിയായതിനാൽ രാപകലന്യേ നൂറുകണക്കിന് വാഹനങ്ങളാണ് ചുണ്ണാമ്പുത്തറ അടിപ്പാതയിലൂടെ സഞ്ചരിക്കുന്നത്.
അടിപ്പാത വന്നതോടെ യാത്രാസൗകര്യം മെച്ചപ്പെട്ടെങ്കിലും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് നീക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.