വാടക വർധനക്കെതിരെ പരാതിയുമായി വ്യാപാരികൾ ചിറ്റൂർ തത്തമംഗലം നഗരസഭ
ചെയർപേഴ്സനെ കാണുന്നു
ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളിൽനിന്ന് അമിത വാടക ഈടാക്കാൻ നഗരസഭ നീക്കം. പരാതിയുമായി വ്യാപാരികൾ നഗരസഭ ചെയർപേഴ്സനെ സമീപിച്ചു. കരാർ പ്രകാരം പ്രതിവർഷം വാടകയിനത്തിൽ പരമാവധി അഞ്ച് ശതമാനം മാത്രമേ വർധിപ്പിക്കാവൂ എന്നിരിക്കെ 25 ശതമാനം വർധിപ്പിക്കാനുള്ള നീക്കമാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായത്.
30ലേറെ വർഷമായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വാർഷിക വർധനവിന്റെ പേരിൽ ഇപ്പോൾ തന്നെ വൻ തുകയാണ് വാടക നൽകുന്നത്. ഇതിനു പുറമെയാണ് അന്യായ വർധനവിനുള്ള നീക്കമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിലാണ് വാടക വർധനവ് നടപ്പാക്കാനുള്ള നിർദേശം ചർച്ചക്ക് വന്നത്. എന്നാൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് തീരുമാനമുണ്ടായില്ലെങ്കിലും വാടക അടക്കാനെത്തിയവരിൽനിന്ന് വർധിപ്പിച്ച തുക ഈടാക്കുകയായിരുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂനിറ്റ് പ്രസിഡന്റ് പി. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികളായ മുസ്തഫ, ശിവപ്രസാദ്, ബാബു, മോഹൻദാസ്, മുഹമ്മദ്, സെൽവ, രാജേഷ്, ജയദേവൻ എന്നിവരാണ് നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത, സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.