ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ ബൂത്തിന്റെ ബോർഡ് മാവിന്റെ ചില്ല മറഞ്ഞ നിലയിൽ
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ബൂത്ത് യാത്രക്കാരുടെ ശ്രദ്ധകിട്ടുന്ന തരത്തിൽ മാറ്റിസ്ഥാപിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. ഒലവക്കോട് സ്റ്റേഷനിലെത്തുന്ന പല യാത്രക്കാർക്കും ഇവിടെ പ്രീപെയ്ഡ് ബൂത്തുള്ളത് അറിയില്ല. സ്റ്റേഷന്റെ ഇടതുവശത്ത് അധികം ശ്രദ്ധപതിയാത്ത സ്ഥലത്താണ് ബൂത്ത്. മാവിന്റെ ചില്ലകൾ മറഞ്ഞ് ബൂത്തിന്റെ ബോർഡ് പാതി മറഞ്ഞിരിക്കുകയാണ്.
രാത്രി ബോർഡിലെ വെളിച്ചം തെളിയാറുമില്ല. ഈ സാഹചര്യത്തിൽ പ്രീപെയ്ഡ് ബൂത്തിലെ ഓട്ടോറിക്ഷകളെ യാത്രക്കാർ അധികം ആശ്രയിക്കാറില്ല. വിഷയത്തിൽ താലൂക്ക് സമിതിയും പൊലീസും റെയിൽവേയും ഇടപെട്ട് പ്രീപെയ്ഡ് ബൂത്ത് യാത്രികരുടെ ശ്രദ്ധ പതിയത്തക്ക വിധം കൂലി പോർട്ടർമാരുടെ വിശ്രമകേന്ദ്രത്തിനും പുതുതായി വന്ന ടീ ഷോപ്പിനും മധ്യേയുള്ള സ്ഥലത്തോ ഉചിതമായ മറ്റൊരിടത്തോ മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് സമിതി അംഗം ബോബൻ മാട്ടുമന്ത ആവശ്യപ്പെട്ടു. മലമ്പുഴ ഡാമിലെ ജലം അളവില്ലാതെ ചോർത്തിയെടുത്ത് വ്യാവസായിക അടിസ്ഥാനത്തിൽ വിൽപന നടത്തുകയാണ് ജല അതോറിറ്റിയെന്നും യോഗത്തിൽ ആരോപണമുയർന്നു.
വാട്ടർ അതോറിറ്റിക്ക് പ്രതിദിനം അനുവദിച്ച വെള്ളത്തിന്റെ അളവ് 96 എം.എൽ.ഡിയാണെങ്കിലും യഥാർഥത്തിൽ എടുക്കുന്നത് ഇതിലും കൂടുതലാണ്. എടുക്കുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്താൻ മീറ്റർ സ്ഥാപിച്ചിട്ടില്ല. ഇതു മറയാക്കിയാണ് ചൂഷണം. വിഷയത്തിൽ കലക്ടറുടെ ഇടപെടൽ വേണമെന്നും മീറ്റർ സ്ഥാപിച്ച് മലമ്പുഴ ജലം അളന്നു നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ചെക്കുപോസ്റ്റുകളിലെ പരിശോധനയിൽ അഴിമതിക്കാരെന്ന് വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം, ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലെ ഫർണസ് തകരാർ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ എ. പ്രഭാകരൻ എം.എൽ.എ, ആർ.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.