കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ
പാലക്കാട്: യുവാവിനെ കാർ കയറ്റിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള (38), മുഹമ്മദ് യൂസഫ് (36), ഫൈസൽ (33), മേപ്പറമ്പ് സ്വദേശി അർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു.
കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മർദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പ്രതികൾ ചേർന്ന് കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്.ഐമാരായ വി. ഹേമലത, എം. അജസുദ്ദീൻ, സീനിയർ സി.പി.ഒമാരായ പ്രദീപ്കുമാർ, കെ.ബി. രമേഷ്, എം. സുനിൽ, വി.ആർ. രവി, എൻ. സതീഷ്, സി.പി.ഒ ആർ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.