ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല, രോഗികൾ വലയുന്നു. ഡോക്ടർമാരുടെ തസ്തിക 20 ഉണ്ടെങ്കിലും നിലവിലുള്ളത് 13 പേർ. ഇതിൽ പലരും അവധിയിലുമാണ്. ഇതാടെയാണ് ചികിത്സ തേടിയെത്തുന്നവർ ബുദ്ധിമുട്ടിലായത്. പൊതുവായ സ്ഥലംമാറ്റത്തെ തുടർന്ന് ഇവിടം വിട്ടുപോയവർക്ക് പകരക്കാർ എത്താത്തതാണ് കാരണം. രാവിലെ ഒ.പി സമയത്ത് ഡോക്ടർമാർ കൃത്യത പാലിക്കാത്തതാണ് ഇപ്പോഴത്തെ ഒ.പി വിഭാഗത്തിലെ തിരക്കിന് കാരണമെന്നാണ് രോഗികൾ പറയുന്നത്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം ഡോക്ടർമാർ ഒ.പിയിൽ ഇരുന്നാൽ പരിഹാരമാകും. ഡോക്ടമാർ ഇല്ലാത്തതുമൂലം ജീവനക്കാരുമായി തർക്കത്തിന് വഴിവെക്കുന്നുണ്ട്.
ഒ.പിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ എട്ടു ഡോക്ടർമാരുടെ തസ്തികയാണുള്ളത്. അതിൽ പകുതി മാത്രമേ ഇപ്പോഴുള്ളു. സൂപ്രണ്ട് നിരന്തരം അവധിയിലായതോടെ മറ്റൊരു ഡോക്ടർക്ക് ചുമതല നൽകുന്നതോടെ അദ്ദേഹത്തിന്റെ സേവനം ഓഫിസിൽ മാത്രമാകും.
ജൂനിയർ മെഡിക്കൽ കൺസൾട്ടന്റ് തസ്തിക 10 എണ്ണമുണ്ടെങ്കിലും ആറ് പേരാണ് ഇപ്പോഴുള്ളത്. അതിൽ ഒരാൾക്ക് സൂപ്രണ്ടിന്റെ ചുമതലയും ഒരാൾ അവധിയിലും.ഒഴിഞ്ഞുകിടക്കുന്നതിൽ അനസ്തേഷ്യ വിഭാഗം ഡോക്ടർ കൂടി ഉൾപ്പെട്ടതിനാൽ പ്രസവം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ പോലും പലപ്പോഴും മുടങ്ങുന്നു. അനസ്തേഷ്യ ഡോക്ടർ ഇല്ലാതെ വന്നാൽ പ്രസവ സംബന്ധമായ ശസ്ത്രക്രിയകൾക്ക് പുറമെനിന്ന് ഡോക്ടറെ വിളിക്കാമെങ്കിലും കിട്ടാതെ വന്നാൽ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയേ നിർവാഹമുള്ളു. എം.എൽ.എയും ആശുപത്രിയുടെ ഭരണചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തും ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നാണ് രോഗികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.