സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കൽ; തീരുമാനമറിയാതെ വകുപ്പുകൾ

പെരിന്തൽമണ്ണ: ജനുവരി 24 ന് ആരംഭിച്ച് മാർച്ച് എട്ടിന് അവസാനിക്കുന്ന വിധത്തിൽ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പരാതികളിലെ ഫയലുകൾ തീർപ്പാക്കൽ പല വകുപ്പുകളും അറിഞ്ഞതുപോലുമില്ല. ആരോഗ്യവകുപ്പാണ് ഇക്കാര്യം നടപ്പാക്കാൻ നിർദ്ദേശിച്ചത്. മന്ത്രി വീണ ജോർജ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാൽ, ഇത് നടപ്പായോ എന്ന് പരിശോധിക്കാൻ പ്രത്യേക മോണിറ്ററിങോ അവലോകനമോ നടന്നില്ല. അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായായിരുന്നു തീരുമാനം. വനിത കമീഷനിലും വനിത- ശിശുക്ഷേമ വകുപ്പിലും ഫയലുകളും പരാതികളും തീർപ്പാക്കലായിരുന്നു മുഖ്യലക്ഷ്യം. എന്നാൽ, പ്രത്യേക കാമ്പയിനിന്റെ ഭാഗമായി ഈ വകുപ്പിലും ചലനമൊന്നുമുണ്ടായില്ല. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ടതല്ലെങ്കിലും സ്ത്രീകൾ അപേക്ഷകരായ ആർ.ഡിഒ ഓഫിസുകളിലെ നിലം തരം മാറ്റൽ അപേക്ഷകൾ മിക്കയിടത്തും കൂടിക്കിടക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന അനുബന്ധ വകുപ്പുകളിലെ ഫയലുകളും ഇത്തരത്തിൽ തീർപ്പാക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എത്രത്തോളം ഫയലുകൾ ഇതിന്റെ ഭാഗമായി പൂർത്തിയാക്കിയെന്ന് അന്വേഷിച്ചപ്പോൾ ചില വകുപ്പുകൾ വിവരം തന്നെ അറിഞ്ഞ മട്ട് കാണിച്ചില്ല. തദ്ദേശവകുപ്പിലും പട്ടികജാതിക്ഷേമ വകുപ്പിലും തീർപ്പാകാത്ത പരാതികൾ ഏറെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.