ഷൊർണൂർ: ഷൊർണൂർ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികൾക്കുള്ള പ്രതിഫലവും മുടങ്ങുന്നത് പതിവായി. ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം ഫെബ്രുവരി ആദ്യവാരത്തിലാണ് കൊടുത്തത്. ജനുവരിയിലേത് ഫെബ്രുവരി 18 പിന്നിട്ടിട്ടും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. നഗരസഭ അംഗങ്ങളുടെ ഓണറേറിയവും സിറ്റിങ് അലവൻസുകളുടെയും സ്ഥിതിയും മറിച്ചല്ല. ദൈനംദിന ചെലവുകൾക്ക് പോലും നട്ടം തിരിയുന്ന നഗരസഭയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. പ്രതിമാസം 30 ലക്ഷത്തിലധികം രൂപ ശമ്പളം നൽകാൻ വേണം. 2021-22 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ 3.68 കോടിയാണ് വക കൊള്ളിച്ചിട്ടുള്ളത്. ഇതിനുപുറമെ ജനപ്രതിനിധികളുടെ വേതനവും സിറ്റിങ് അലവൻസും ഉൾപ്പെടെ അരക്കോടിയോളം വേറെയും വേണം. പെൻഷൻ, പങ്കാളിത്ത പെൻഷനിലേക്കുള്ള വിഹിതം, യാത്രാബത്ത എന്നിവ ഉൾപ്പെടെ ഒരുവർഷത്തേക്ക് ആറുകോടിയോളം ആവശ്യമുണ്ട്. ഇതിന്റെ പകുതി വരുമാനം പോലും നഗരസഭക്ക് സ്വന്തമായി ഇല്ലെന്നതാണ് വസ്തുത. ജീവനക്കാർ സംസ്ഥാന സർക്കാർ ജീവനക്കാരാണെങ്കിലും ശമ്പളം നൽകേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനമാണ്. താഴ്ന്ന ശമ്പളമുള്ളവരും വീട് വെക്കുന്നതിനും മറ്റുമായി ലോണെടുത്തിട്ടുള്ള ജീവനക്കാരാണ് കൂടുതൽ വലയുന്നത്. ഇക്കാരണത്താൽ പലരും സ്ഥലം മാറ്റത്തിനായി ശ്രമിക്കുന്നുമുണ്ട്. തനത് വരുമാനം വർധിപ്പിക്കാത്തതാണ് നഗരസഭക്ക് പ്രധാന വിനയായിട്ടുള്ളത്. നികുതി പിരിച്ചെടുക്കുന്നതിലും കാര്യമായ വീഴ്ച്ചയുണ്ട്. പുതിയ വരുമാനം കണ്ടെത്തുന്നതിന് ഉതകുമായിരുന്ന പല പദ്ധതികളും അവതാളത്തിലാണ്. ഷൊർണൂർ, കുളപ്പുള്ളി ബസ് സ്റ്റാൻഡുകളിൽ നിർമിച്ച കടമുറികൾ വെറുകിടക്കുകയാണ്. കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ പണിത കെട്ടിടം തീർത്തും അശാസ്ത്രീയവുമാണ്. ടൗൺ ഹാൾ നിർമാണം എങ്ങുമെത്തിയിട്ടില്ല. നികുതി വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞുപോകുന്ന ഈ രീതി നഗരസഭയുടെ സമഗ്രമായ വികസനത്തെ ഏറെ ബാധിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. വിഷയത്തിൽ അടിയന്തരമായ ഇടപെടലുകൾ വേണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.