കുമ്മാട്ടി ഉത്സവവും കുതിരക്ക് തലവെപ്പും ആവേശമായി ഒറ്റപ്പാലം: ചുട്ടുപൊള്ളുന്ന കുംഭച്ചൂടിലും അയ്യയോ വിളികളുമായി ആവേശത്തോടെ കാത്തുനിന്ന പുരുഷാരത്തെ സാക്ഷിയാക്കി ചിനക്കത്തൂരിലെ കുതിരക്കോലങ്ങൾക്ക് ആചാരത്തനിമയോടെ തല വെച്ചു. കുതിരകൾക്ക് തലയണിഞ്ഞതോടെ ചിനക്കത്തൂർ തട്ടകം പൂരലഹരിയിലമർന്നു. മകം നാളിൽ പിറന്ന ഭഗവതിയെ നെഞ്ചേറ്റുന്ന ഏഴ് ദേശങ്ങളുടെ കൂട്ടായ്മയിൽ വ്യാഴാഴ്ച ചിനക്കത്തൂർ പൂരം നടക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു ആചാരപ്പൊലിമ നിറഞ്ഞ ചടങ്ങുകളോടെ കുതിരക്ക് തലവെക്കൽ നടന്നത്. മാമാങ്ക സ്മരണകളുടെ രണവീര്യം പേറുന്ന 16 കുതിരക്കോലങ്ങൾക്കാണ് തലവെപ്പ് നടന്നത്. പൂരപ്പെരുമയുടെ ആവേശവുമായി ആകാശക്കാഴ്ചകളാകുന്ന ഈ കൂറ്റൻ കുതിരക്കോലങ്ങൾ നാടുവാഴികളുടെയും പ്രതാപികളുടെയും പ്രതിരൂപങ്ങളായാണ് അറിയപ്പെടുന്നത്. മുരശ് വാദ്യത്തിന്‍റെ അകമ്പടിയിൽ 'കുതിരപ്പന്തി'യിൽ ക്ഷേത്രം കോമരമെത്തിയതോടെയാണ് തലവെക്കൽ ചടങ്ങുകൾക്ക് തുടക്കമായത്. പടിഞ്ഞാറൻ ചേരിയിലെ 'സാമൂതിരി' കുതിരയുടേതായിരുന്നു ആദ്യ ഊഴം. തുടർന്ന് കിഴക്കൻ ചേരിയിലെ 'ഏറാൾപ്പാട്' കുതിരയും തല എടുത്തണിഞ്ഞു. തുടർന്ന് ഈട് വെടി മുഴങ്ങിയതോടെ ഇരു ചേരികളിലായി അണിനിരക്കുന്ന ദേശങ്ങളിലെ കുതിരകൾക്കും കാളക്കോലങ്ങൾക്കും തലവെക്കൽ പൂർത്തിയാക്കി. പൂരത്തലേന്ന് ഏഴരവെളുപ്പ് തൊട്ട് ക്ഷേത്രത്തിൽ കാത്തുനിന്ന ഭക്തർക്കിടയിലേക്ക് ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതനും വെള്ളാട്ടും കുമ്മാട്ടിയും പറവാദ്യങ്ങളുടെ അകമ്പടിയിൽ കാവിലെത്തിയിരുന്നു. അനുഷ്ഠാനമെന്ന നിലയിൽ നടക്കുന്ന ചിനക്കത്തൂരിലെ കുമ്മാട്ടി ഉത്സവത്തിന്‍റെ ഭാഗമായാണിത്. വൈകീട്ടും ആർപ്പുവിളികളുമായി കുമ്മാട്ടിക്കുതിരകൾ ക്ഷേത്രമൈതാനിയിലെത്തി. ഒറ്റപ്പാലം, പാലപ്പുറം, പല്ലാർമംഗലം, വടക്കുമംഗലം, തെക്കു മംഗലം, എറക്കോട്ടിരി, മീറ്റ്ന ദേശങ്ങളുടെ കൂട്ടായ്മയിലാണ് പൂരം. വ്യാഴാഴ്ച രാവിലെ ആറാട്ട് മേളം കഴിഞ്ഞ് താഴെക്കാവ് നടയടക്കുന്നതോടെ പൂരാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഉച്ചക്ക് മൂന്നിനാണ് വാശിയേറിയ കുതിരകളി. തുടർന്ന് പാലപ്പുറം മുതലിയാർ തെരുവിൽനിന്നുള്ള തേര്, അപ്പേപ്പുറം നിവാസികളുടെ തട്ടിന്മേൽ കൂത്ത് എന്നിവ പ്രകടനം കാഴ്ചവെക്കും. വഴിപാട് കുതിരകൾ, കാളകൾ തുടങ്ങിയവ ദേശങ്ങളിൽ നിന്നും ഉച്ചക്ക് രണ്ടിന് വാദ്യമേളങ്ങളോടെ ആനപ്പൂരങ്ങൾക്ക് അകമ്പടിയാകും. രാത്രി ആനപ്പൂരത്തിന് ശേഷം വെള്ളിയാഴ്ച തിങ്കളാഴ്ച പുലർച്ച അഞ്ചിന് ഗജവീരന്മാർ വീണ്ടും അണിനിരക്കും. തലേന്നത്തെ കലാരൂപങ്ങളുടെ പ്രകടനം ആവർത്തിക്കും. രാവിലെ 11ഓടെ നടക്കുന്ന ആറാട്ട് കുടിവെപ്പോടെയാണ് പൂരാഘോഷത്തിന് സമാപനം കുറിക്കുക. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം അകമ്പടിയാകും. pew_otp_ 1 ചിനക്കത്തൂർ പൂരത്തിന് മുന്നോടിയായി ഒറ്റപ്പാലം ദേശത്തിന്‍റെ കുതിരക്കോലമായ കെട്ടിലമ്മക്ക് തലവെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.