കാർഷിക സർവകലാശാലയിൽ വനിത ശാസ്ത്രജ്ഞർക്ക് വിദൂര കേന്ദ്രങ്ങളിലേക്ക് മാറ്റം

നടപടി കോവിഡ് ചട്ടങ്ങൾ ലംഘിച്ച് തൃശൂർ: കാർഷിക സർവകലാശാലയിൽ കോവിഡ് ചട്ടങ്ങളെ കാറ്റിൽപ്പറത്തി വനിത ശാസ്ത്രജ്ഞരെയടക്കം വിദൂര കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റി വിവാദ നടപടി. അഗ്രോണമി വിഭാഗം മേധാവിയും കാർഷിക സർവകലാശാലയുടെ ശാസ്ത്ര ജേണലിൻെറ എഡിറ്ററുമായ അധ്യാപികയെ കഴിഞ്ഞ ദിവസമാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലയുടെ അക്രഡിറ്റേഷനും റാങ്കിങും നിർണയിക്കുന്നതിൽ പ്രധാനഘടകമായ ഗവേഷണ ജേണലി​ൻെറ നിലവാരം അന്തർദേശീയ-ദേശീയതലത്തിൽ വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഈ അധ്യാപികയാണ്. ഈ വകുപ്പിൽ തന്നെ കഴിഞ്ഞ വർഷം നിയമിതയായ അസി. പ്രഫസറെ പട്ടാമ്പിയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട ഇവർക്കാകട്ടെ കൈക്കുഞ്ഞുമുണ്ട്. അധ്യാപകരുടെ സ്ഥലം മാറ്റങ്ങളുടെ എല്ലാ നടപടിക്രമങ്ങളും പ്രത്യേകിച്ച്​ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ പരാതി ഉയർന്നിട്ടുണ്ട്. അധ്യാപക ക്ഷാമം രൂക്ഷമായ അഗ്രോണമി വകുപ്പിൽ ഇതോടെ ബിരുദാനന്തര, ഗവേഷണ പരിപാടികൾ അവതാളത്തിലായി. മികച്ച അധ്യാപക അവാർഡ് നിരവധി തവണ നേടിയ ഡോ. ഉമാ മഹേശ്വരനെ നേരത്തെ അസോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതും വിവാദത്തിനിടയാക്കിയിരുന്നു. അനഭിമതരായ അധ്യാപകരെയും സംഘടന പ്രതിനിധികളെയും സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.