പ്രവാസിയുടെ കൊലപാതകം: വിദേശത്തുള്ള പ്രതികളുടെ അറസ്റ്റ് നീളുന്നു

പെരിന്തല്‍മണ്ണ: പ്രവാസിയായിരുന്ന അഗളി സ്വദേശി വാക്കേത്തൊടി അബ്ദുള്‍ ജലീലിനെ (42) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശത്തുള്ള ആറ്​ പ്രതികളുടെ അറസ്റ്റ് നീളുന്നു. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന മൂന്നുപേരും മുഖ്യപ്രതി യഹ്​യയുടെ ബിസിനസ് പങ്കാളികളായ മൂന്നുപേരുമടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. ഇതിൽ രണ്ട് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്​. സംഭവശേഷം വിദേശത്തേക്ക് കടന്ന കൊണ്ടോട്ടി സ്വദേശിയടക്കമുള്ളവരാണ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്നാണ് വിവരം. ഇവരടക്കം മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചിരുന്നു. പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സഹായികളായ നാല്​ പ്രതികൾക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. മൊബൈല്‍ ഫോണും സിംകാര്‍ഡും എടുത്ത് നല്‍കിയവരാണിവർ. വിദേശത്തെ യഹിയയുടെ പങ്കാളികളെ കണ്ടെത്താൻ എംബസി വഴിയുള്ള നടപടികള്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. മേയ്​ 16ന് നെടുമ്പാശേരിയിൽ ഇറങ്ങിയ അബ്ദുൽ ജലീൽ ക്രൂരമർദനത്തിനിരയായി 19ന് അർധരാത്രിയാണ് ആശുപത്രിയിൽ മരിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.