മണ്ണാർമല പച്ചീരിയിൽ പുതുതായി തുടങ്ങുന്ന ക്വാറി പ്രദേശത്ത് 2018ൽ ഉരുൾപൊട്ടിയപ്പോൾ (ഫയൽ ചിത്രം)
വെട്ടത്തൂർ: ഗ്രാമ പഞ്ചായത്തിലെ മണ്ണാർമലയിൽ തുടങ്ങുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ണാർമല പച്ചീരി പ്രദേശത്ത് പുതുതായി തുടങ്ങുന്ന രണ്ട് കരിങ്കൽ ക്വാറികൾക്കെതിരെയാണ് പ്രദേശവാസികൾ ജനകീയ പ്രതിഷേധവുമായി രംഗത്തുള്ളത്. 2018ൽ വലിയൊരു ഉരുൾപൊട്ടലുണ്ടായ പ്രദേശത്താണ് ക്വാറി ആരംഭിക്കുന്നത്. അന്ന് മലമുകളിൽനിന്ന് കല്ലും മണ്ണും കുത്തിയൊലിച്ച് എത്തിയതോടെ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. പരിസ്ഥിതി ലോല പ്രദേശമാണെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയ പ്രദേശമാണ് മണ്ണാർമല. ശ്മശാനത്തിനും കളിസ്ഥലത്തിനും തൊട്ടു സമീപത്തായാണ് നിർദിഷ്ട ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നത്.
മലയുടെ താഴ്വാരത്തായി പട്ടികജാതി ഉന്നതി ഉൾപ്പെടെ നൂറുകണക്കിന് വീടുകളുണ്ട്. ക്വാറി തുടങ്ങുന്നുവെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഏറെ ഭീതിയിലാണ്. തൊട്ടപ്പുറത്ത് നിലവിൽ പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറിക്കെതിരെയും നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇതിന് താഴ് വാരത്തുള്ള നിരവധി വീടുകൾക്ക് വിള്ളൽ വീണതും നാട്ടുകാരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ക്വാറികൾക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.
യോഗം ജാഫർ കക്കൂത്ത് ഉദ്ഘാടനം ചെയ്തു. പി. അനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ഖദീജ മുസ്തഫ, ഫർസാന, ബവീഷ്, അനിൽ, ഫിറോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.