പ്രതീകാത്മക ചിത്രം

പൊന്നാനി കപ്പൽ നിർമാണശാല നിർമാണം; അവ്യക്തത തുടരുന്നു

പൊന്നാനി: പൊന്നാനിയിൽ കപ്പൽ നിർമാണശാല വരുമെന്നതിൽ അവ്യക്തത തുടരുന്നു. സർക്കാർതലത്തിൽ തീരുമാനമാകാത്ത പദ്ധതി നടപ്പാകുമെന്ന പ്രചാരണത്തിനെതിരെ കെ.പി. നൗഷാദലി എം.എൽ.എ രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി സംബന്ധിച്ച് ഒരു നീക്കവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളും തീരവാസികളും അംഗീകരിക്കുന്ന പദ്ധതി മാത്രമേ തീരദേശത്ത് നടപ്പാക്കൂവെന്നും ഇപ്പോള്‍ പറയുന്ന പദ്ധതിയിൽ ആശങ്കയുണ്ടെന്നും മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി തുറമുഖവികസന പദ്ധതികള്‍ വരുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കപ്പല്‍നിര്‍മാണശാലക്കായി തുറമുഖത്തെ 29 ഏക്കര്‍ ഭൂമിയാണ് നിര്‍മാണ കമ്പനിക്ക് കൈമാറുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ട്രാവന്‍കൂര്‍ പ്രിസിഷന്‍ കംപോണന്റ്‌സ് കമ്പനിയാണ് കപ്പല്‍നിര്‍മാണശാല ടെന്‍ഡര്‍ ഏറ്റെടുത്തത്. ഇവരുടെ മറ്റൊരു കമ്പനിയായ എറണാകുളത്തെ ബ്ലൂജെന്‍ മറൈന്‍ പ്രൈവറ്റഡ് ലിമിറ്റഡാണ് പൊന്നാനി തുറമുഖത്ത് കപ്പല്‍നിര്‍മാണശാല ആരംഭിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മാരിടൈം ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടത്.

നിര്‍മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ട മാരിടൈം ബോര്‍ഡ് ഇപ്പോള്‍ നിലവിലില്ല. വിശദ പഠനത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാറിനുള്ളത്. അതിനാൽ പുതിയ മാരിടൈം ബോര്‍ഡ് നിലവില്‍ വന്നാലും പദ്ധതിയുമായി മുന്നോട്ടുപോകാനിടയില്ല. അടുത്തമാസം കപ്പല്‍നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങുമെന്നും 2027 ഡിസംബറില്‍ ആദ്യകപ്പല്‍ പുറത്തിറക്കുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.

പരമാവധി 120 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ പൊന്നാനിയില്‍ നിര്‍മിക്കുമെന്നാണ് അവകാശവാദം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോട്ടുകളും നിര്‍മിക്കാനുള്ള സംവിധാനം കപ്പൽ നിർമാണശാലയിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ, കൂടുതല്‍ പഠനങ്ങള്‍ നടത്താതെ തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ദുരൂഹതയുണര്‍ത്തുന്നത്.

Tags:    
News Summary - പൊന്നാനി കപ്പൽ നിർമാണശാല നിർമാണം; അവ്യക്തത തുടരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.