പരിയാപുരം ചീരട്ടാമല റോഡിൽ താഴ്ചയിലേക്ക് മറിഞ്ഞ ഡീസൽ ടാങ്കർ
അങ്ങാടിപ്പുറം: കുടിക്കാൻ വെള്ളമെടുത്തിരുന്ന വലിയ ആഴമുള്ള കിണറിന് മുകളിലെ ഇരുമ്പുനെറ്റും കടന്ന് വലിയ തീഗോളങ്ങൾ ഉയർന്നതിന്റെ ഞെട്ടലിലാണ് പരിയാപുരം നിവാസികൾ. ഡീസൽ ടാങ്കർ മറിഞ്ഞതിന് സമീപം കിണർ ആളിക്കത്തുന്നുവെന്ന വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചൊവ്വാഴ്ച രാവിലെ തന്നെ സ്ഥലത്തെത്തി. പെരിന്തൽമണ്ണയിൽനിന്ന് പൊലീസും ഫയർ ആൻഡ് റസക്യൂ വിഭാഗവും വിവരമറിഞ്ഞ ഉടനെയെത്തിയിരുന്നു. തീ കെടുത്താതെ ഇന്ധനം കത്തിത്തീരാൻ വിടുകയായിരുന്നു. 20,000 ലിറ്റർ ശേഷിയുള്ള ടാങ്കിലെ ഡീസലാണ് കിണറിൽ കലർന്നത്. 30ൽപരം വിദ്യാർഥികളുള്ള കോൺവെൻറിനും കന്യാസ്ത്രീകളുള്ള മഠത്തിലേക്കും ഇവിടെ നിന്നാണ് വെള്ളം. കിണർ ഉപയോഗിക്കാനാവാതെ വന്നതോടെ ഇവരുടെ കുടിവെള്ളം മുട്ടി. സ്ഥലത്തെത്തിയ മഞ്ഞളാംകുഴി അലി എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദയും കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന് കഴിയാവുന്ന സഹായങ്ങൾ ചെയ്യുമെന്നും ഉറപ്പ് നൽകി. അതേസമയം, മഴപെയ്ത് നീരൊഴുക്ക് തുടങ്ങിയാൽ കൂടുതൽ ഭാഗങ്ങളിലേക്ക് ഇന്ധനമെത്തുമെന്നും സമീപത്തെ കൂടുതൽ കിണറുകളിൽ കലരുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.