ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി എന്ന പേര് മാറ്റി ഗവ. മെഡിക്കൽ കോളജ്, മലപ്പുറം എന്ന ബോർഡ് സ്ഥാപിച്ചപ്പോൾ
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്‍റെ പേര് മാറ്റി ‘ഗവ. മെഡിക്കൽ കോളജ് മലപ്പുറം’എന്ന് ബോർഡ് സ്ഥാപിച്ചത് വിവാദമായി. പ്രതിഷേധം ശക്തമായതോടെ സ്ഥാപിച്ച് 24 മണിക്കൂർ തികയുന്നതിനുമുമ്പുതന്നെ ബോർഡിൽനിന്ന് ‘മലപ്പുറം’എന്ന ഭാഗം അധികൃതർ നീക്കി. ശനിയാഴ്ച വൈകീട്ടാണ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ ഓഫിസ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ‘ഗവ. മെഡിക്കൽ കോളജ്, മലപ്പുറം’എന്ന പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഈ ബ്ലോക്കിന് പ്രത്യേകം പേരുണ്ടായിരുന്നില്ല.
എന്നാൽ, സമീപത്തെ പുൽത്തകിടിയിലും കോളജിന്റെയും ആശുപത്രിയുടെയും മറ്റ് ഭാഗങ്ങളിലുമെല്ലാം ‘ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി’എന്ന പേരാണ് വർഷങ്ങളായി ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് പുതിയ ബോർഡിൽ മഞ്ചേരിക്ക് പകരം മലപ്പുറം എന്ന് ചേർത്തത് വിവാദത്തിന് വഴിവെച്ചത്. ബോർഡ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി രണ്ട് വർഷം മുൻപ് പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗത്തിന് ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇതിൽ തുടർനടപടികൾ ഉണ്ടാകാതിരുന്നതിനെത്തുടർന്ന് പൊതുമരാമത്ത് സിവിൽ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുതിയ ബോർഡ് സ്ഥാപിച്ചത്.
മഞ്ചേരിക്കു പകരം മലപ്പുറം എന്ന് ബോർഡിൽ എഴുതിയത് ശ്രദ്ധയിൽപ്പെട്ടതോടെ അഡ്വ. എം. റഹ്‌മത്തുല്ല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചു. വിവാദമാകുമെന്ന് ഉറപ്പായതോടെ, ഞായറാഴ്ച രാവിലെ 10ഓടെ ബോർഡ് സ്ഥാപിച്ച ജീവനക്കാർ തന്നെ വീണ്ടുമെത്തി ‘മലപ്പുറം’എന്ന ഭാഗം നീക്കുകയായിരുന്നു. പേര് മാറ്റം സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.