കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തിരൂരിൽ താമസ സൗകര്യമില്ല; തിരൂർ-കോയമ്പത്തൂർ സർവിസും നിർത്തിയേക്കും

തിരൂർ: 30 വർഷത്തോളം പഴക്കമുള്ള തിരൂർ-കോയമ്പത്തൂർ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവിസും ജീവനക്കാർക്ക് തിരൂരിൽ താമസ സൗകര്യമില്ലാത്തതിനാൽ നിർത്തിയേക്കും. വർഷങ്ങളോളം ബസിൽ കിടന്നുറങ്ങിയ ജീവനക്കാർക്ക് ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു തിരൂർ പൊലീസ് സ്റ്റേഷന്റെ ക്ലബ് റൂമിൽ താമസിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സൗകര്യം നൽകിയത്.

അത് രാത്രിയിൽ ദീർഘദൂര സർവിസ് നടത്തി ക്ഷീണിച്ചെത്തുന്ന ബസ് ജീവനക്കാർക്ക് വലിയ ആശ്വാസവുമായിരുന്നു. എന്നാൽ ഇവിടെ താമസിക്കുന്നത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ഇൗ സൗകര്യം നിർത്തലാക്കിയിരുന്നു. ഈ വിവരം ജീവനക്കാർ സർവിസ് ഓപറേറ്റ് ചെയ്യുന്ന പാലക്കാട് ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. അതോടെ ജീവനക്കാർക്ക് താമസിക്കാൻ മറ്റു സൗകര്യങ്ങളില്ലെങ്കിൽ സർവിസ് വേണ്ടെന്ന തീരുമാനത്തിലാണ് ഡിപ്പോ അധികൃതർ എത്തിയത്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്ഥിരമായ താമസ സൗകര്യമൊരുക്കണമെന്ന് നിരവധി തവണ ജീവനക്കാരും നാട്ടുകാരും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ സർവിസ് നിർത്തുന്ന ഘട്ടത്തിലെത്തുന്നത് വരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

സാധാരണ കെ.എസ്.ആർ.ടി.സി ഡിപ്പോ ഇല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്ന ബസിലെ ജീവനക്കാർക്ക് അതത് തദ്ദേശ ഭരണം സ്ഥാപനങ്ങളാണ് താമസം സൗകര്യമൊരുക്കാറ്. തിരൂരിൽ ഈ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ തിരുവനന്തപുരം-തിരൂർ സൂപ്പർ ഫാസ്റ്റ്, ചാത്തനൂർ-തിരൂർ സൂപ്പർ ഫാസ്റ്റ്, മലപ്പുറം-തിരൂർ ഓർഡിനറി ഉൾപ്പടെ പല ദീർഘദൂര ബസുകളും മുമ്പ് നിർത്തിയിട്ടുമുണ്ട്.

ഡിപ്പോ അധികൃതർ ഈ സർവിസിന് താമസ സൗകര്യമൊരുക്കാൻ നടപടി ആവശ്യപ്പെട്ട് തിരൂർ നഗരസഭ ചെയർപേഴ്സന് കത്ത് നൽകിയിട്ടുമുണ്ട്. കഴിഞ്ഞദിവസം നഗരസഭ അധികൃതർ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ റൂം അനുവദിക്കാം എന്ന് അറിയിച്ചിരുന്നു. എന്നാൽ ശുചിമുറി സംവിധാനമില്ലാത്തത് ജീവനക്കാർക്ക് പ്രയാസമുണ്ടാക്കും.

താമസ സൗകര്യം ഉണ്ടെങ്കിലേ ബുധനാഴ്ച ബസ് അയക്കൂ എന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി അധികൃതർ നിലപാടെടുത്തപ്പോൾ നഗരസഭ അധികൃതരും തിരൂർ ചേംബർ ഓഫ് കോമേഴ്സ് കൂട്ടായ്മയും താൽക്കാലിക താമസിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പിലാണ് സർവിസ് നടത്തിയത്. തിരൂർ ബസ് സ്റ്റാൻഡിലോ പരിസരത്തോ ചുരുങ്ങിയത് നാല് ബസിലെ ജീവനക്കാർക്കെങ്കിലും തിരൂരിൽ സ്ഥിരമായ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Tirur-Coimbatore service may also be stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.