തിരൂർ: തിരൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 40 സീറ്റുകളിൽ 27ൽ മുസ്‍ലിം ലീഗും 13ൽ കോൺഗ്രസും മത്സരിക്കാൻ തീരുമാനമായി. കഴിഞ്ഞ തവണ 38 വാർഡുകളാണ് ഉണ്ടായിരുന്നത്. അന്ന് 25 സീറ്റിൽ മുസ്‍ലിം ലീഗും 13 സീറ്റിൽ കോൺഗ്രസും ആണ് മത്സരിച്ചിരുന്നത്. വാർഡ് വിഭജന ഭാഗമായി പുതിയതായി രൂപവത്കരിക്കപ്പെട്ട രണ്ട് വാർഡുകളും മുസ്‍ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് യു.ഡി.എഫ് ഒരു സീറ്റ് നൽകുകയാണെങ്കിൽ മുസ്‍ലിംലീഗ് മത്സരിക്കാൻ തീരുമാനിച്ച വാർഡിൽനിന്ന് ഒന്ന് വിട്ട് നൽകേണ്ടിവരും. അതോടെ 26 സീറ്റിലായിരിക്കും ലീഗ് മത്സരിക്കുക. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകുന്ന വിധത്തിലുള്ള പട്ടികയാണ് ലീഗ് തയാറാക്കിയത്.
90 ശതമാനം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും വാർഡ് കമ്മിറ്റി കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നടത്തും. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ചില വാർഡുകളിൽ സ്ഥാനാർഥിയെ വാർഡിലേക്ക് സ്വാഗതം ചെയ്ത് ഫോട്ടോ ഉൾപ്പെടെയുള്ള ഫ്ലക്സുകൾ ഉയർന്നുകഴിഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങി.
അതേസമയം, എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലാണ്. ആകെയുള്ള 40 സീറ്റുകളിൽ 35 ലും സി.പി.എം സ്ഥാനാർഥികൾ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഐ.എൻ.എല്ലിനും എൻ.സി.പിക്കും ഓരോ സീറ്റ് വീതം നൽകും. സി.പി.ഐ മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടേ നൽകാനാവൂ എന്നതാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രണ്ട് ദിവസത്തിനകം എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.