തിരൂർ: എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും വോട്ടർ പട്ടികയിലെ അപാകതകൾ പൂർണമായും പരിഹരിക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ. തിരൂർ മണ്ഡലത്തിലെ രണ്ട് ബൂത്തുകൾ ഇപ്പോഴും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ബൂത്തുകളായാണ് കമീഷൻ വെബ് സൈറ്റിലുള്ളത്.
വോട്ടർപട്ടിക പരിഷ്കരണ ഭാഗമായി 2002 ലെ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് അറിയാൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് പിശകുള്ളത്. ceo.kerala.gov.in എന്ന സൈറ്റിൽ ജില്ലയും മണ്ഡലവും നൽകിയാൽ ബൂത്തുകളുടെ പേരുകൾ വരും. ഇതിൽ തിരൂർ നൽകുന്നതോടെ വരുന്ന ബൂത്തുകളുടെ പട്ടികയിലാണ് പിശകുള്ളത്.
തിരൂർ താലൂക്ക് ഇലക്ഷൻ വിഭാഗം കമീഷനുമായി ബന്ധപ്പെട്ട് തിരുത്താൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, 16 ബൂത്തുകളുടെ പേരുകൾ തിരുത്തിയപ്പോൾ രണ്ട് ബൂത്തുകൾ തിരുത്തിയിരുന്നില്ല. അതിനാൽ തിരൂർ നഗരസഭയിൽ ഉൾപ്പെടുന്ന ബൂത്ത് നമ്പർ 15,16 എന്നിവ ഇപ്പോഴും കാണുന്നത് കൊയിലാണ്ടി താലൂക്കിലെ എയ്ഡഡ് പ്രൈമറി സ്കൂൾ പാലേരിയിൽ എന്നാണ്.
നേരത്തെ ഇവയുൾപ്പെടെ തിരൂർ മണ്ഡലത്തിലെ 186 ബൂത്തുകളിൽ 16 എണ്ണവും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ബൂത്തുകളായിരുന്നു. 14 എണ്ണം തിരുത്തിയെങ്കിലും ഈ രണ്ടെണ്ണം മാറ്റിയിട്ടില്ല. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിൽ എത്തി വിവരങ്ങൾ ഉറപ്പാക്കി വോട്ട് സ്ഥിരപ്പെടുത്തുമെന്നാണ് കമീഷൻ അറിയിച്ചിരുന്നത്. എന്നാൽ, ബൂത്തുകൾ മാറിയതോടെ ഇതെങ്ങനെ നടപ്പാകുമെന്നാണ് വോട്ടർമാർ ചോദിക്കുന്നത്.
കഴിഞ്ഞമാസം 12 നാണ് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ബൂത്ത് ലെവൽ ഓഫിസർമാർ ഈ ബൂത്തുകളിലും എന്യൂമറേഷൻ ഫോമുകൾ വിതരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, വോട്ടർമാർ തങ്ങളുടെ പേരുകൾ 2002 വോട്ടർ പട്ടികയിലുണ്ടോ എന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.