സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരൂരിൽ ഇന്ന് തിരശ്ശീല ഉയരും

തിരൂർ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന 26ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തുടക്കമാവും. കാഴ്ച വെല്ലുവിളി നേരിടുന്നവർ, കേൾവി വെല്ലുവിളി നേരിടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 3000ത്തോളം വിദ്യാർഥികൾ 105 ഇനങ്ങളിലായി മത്സരിക്കും. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി. എസ്.എസ്.എം പോളിടെക്നിക് കോളജ്, ഗവ. എൽ.പി സ്കൂൾ തെക്കുമുറി (പഞ്ചമി), എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരൂർ എന്നിവയാണ് മറ്റു വേദികൾ.

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ജില്ലതല മത്സരങ്ങൾ കഴിഞ്ഞാണ് സംസ്ഥാനതലത്തിൽ എത്തിയത്. മറ്റു രണ്ടു വിഭാഗങ്ങളിലുള്ളവർ നേരിട്ട് സ്കൂളുകളിൽനിന്നാണ് എത്തുന്നത്. എ ഗ്രേഡ് ലഭിക്കുന്നവർക്ക് വൺ ടൈം സ്കോളർഷിപ്പായി 1000 രൂപ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ട്രോഫി സമ്മാനിക്കും.

കൂടാതെ, സ്കൂ‌ളുകൾക്ക് അലവൻസും നൽകും. ആയിരത്തോളം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സംവിധാനമുണ്ട്. കലോത്സവം വ്യാഴാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസ ഡയറക്ട‌ർ എൻ.കെ.എസ്. ഉമേഷ് ഉദ്ഘാടനം ചെയ്യും. അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ്, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ സംബന്ധിക്കും.

Tags:    
News Summary - State Special School Kalolsavam in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.