തിരൂർ: പുറത്തൂർ സ്വദേശി ടി.പി. മുഹമ്മദ് മുസ്തഫക്കും സംസ്ഥാന അധ്യാപക അവാർഡ്. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികച്ച സേവനത്തിനാണ് പുരസ്കാരം. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചതിനാണ് പുറത്തൂർ ഗവ. യു.പി. സ്കൂളിലെ അധ്യാപകനായിരുന്ന മുസ്തഫയെ തെരഞ്ഞെടുത്തത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ മൂന്നു നിയോജക മണ്ഡലങ്ങളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി നടപ്പാക്കിയ എവറസ്റ്റ് സ്കോളർഷിപ് പദ്ധതി, പഠനത്തിലെ പിന്നാക്കക്കാർക്കായി ‘കളിയോടം’ പദ്ധതി തുടങ്ങി നിരവധി പരിപാടികൾക്ക് മുഹമ്മദ് മുസ്തഫ നേതൃത്വം നൽകിയിരുന്നു.
സർക്കാർ സ്കൂളാണെങ്കിലും സ്ഥല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന പുറത്തൂർ ഗവ. യു.പി സ്കൂളിന് രണ്ട് ഘട്ടങ്ങളിലായി 26 സെന്റ് ഭൂമി സ്വന്തമാക്കുന്നതിലും എം.പി., എം.എൽ.എ ഫണ്ടുകളും തീരദേശ വികസന വകുപ്പ് ഫണ്ടുകളും നേടി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും മുന്നിൽ നിന്നു. വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ഉച്ചഭക്ഷണം നൽകുന്നതിനും ജനപങ്കാളിത്തത്തിലൂടെ സ്കൂളിന്റെ പുരോഗതിക്കും അദ്ദേഹം നേതൃത്വം നൽകി.
കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ മൂന്നു സീസണുകളിലും പുറത്തൂർ ഗവ. യു.പി. സ്കൂൾ പങ്കെടുത്തു. മൂന്നാം സീസണിൽ സ്കൂളിന് ഒന്നാം സ്ഥാനവും ലഭിച്ചു. റിയാലിറ്റി ഷോയിലെ നാല് റൗണ്ടുകളിലും പങ്കെടുക്കാൻ കഴിഞ്ഞ കേരളത്തിലെ ഏക പ്രൈമറി അധ്യാപകൻ കൂടിയാണ്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം. ഫൗണ്ടേഷൻ നൽകുന്ന മികച്ച വിദ്യാലയ അവാർഡ് നേടുന്നതിലും സർവശിക്ഷ അഭിയാനും സർവശിക്ഷ കേരളയും സംഘടിപ്പിച്ച മികവുത്സവങ്ങളിൽ സംസ്ഥാനതലത്തിൽ സ്കൂളിനെ പ്രതിനിധീകരിക്കുന്നതിലും നേതൃത്വം വഹിച്ചു.
കോവിഡ് കാലഘട്ടത്തിൽ സ്കൂളിലെ പ്രധാനാധ്യാപകന്റെ ചുമതലയിലായിരുന്ന മുഹമ്മദ് മുസ്തഫ, ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർഥികൾക്കു എത്തിക്കുന്നതിലും പഠനകേന്ദ്രങ്ങൾ ഒരുക്കുന്നതിലും മുൻകൈയെടുത്തു. സഹപ്രവർത്തകരുടെയും പി.ടി.എ. കമ്മിറ്റിയുടെയും ത്രിതല ഭരണ സംവിധാനങ്ങളുടെയും സഹകരണത്തോടെ 732 വിദ്യാർഥികളുണ്ടായിരുന്ന പുറത്തൂർ ഗവ. യു.പി. സ്കൂളിലെ കുട്ടികളുടെ എണ്ണം 1505 ആയി ഉയർത്താനും കഴിഞ്ഞു.
മുട്ടനൂർ ജി.എം.എൽ.പി. സ്കൂൾ, എടക്കനാട് ജി.എം.യു.പി. സ്കൂൾ, പൊന്നാനി ഐ.എസ്.എസ്, കുമരനല്ലൂർ ജി.എച്ച്.എസ്.എസ്, ജി.എൽ.പി.എസ്, മലമ്പുഴ ഇ.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കടവനാട് ഗവ. യു.പി. സ്കൂളിലെ പ്രധാനാധ്യാപകനാണ്. മുട്ടനൂർ സ്വദേശി പരേതനായ തായാട്ടിൽ ബാവക്കുട്ടിയുടെയും കുഞ്ഞിമക്കുട്ടിയുടെയും മകനാണ്. ചേന്നര എ.എ.എം.എൽ.പി. സ്കൂളിലെ അധ്യാപികയായ ജാസ്മിനാണ് ഭാര്യ. ആദിൽ ഫയാസ്, നജ ഹുസ്ന, അദ്നാൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.