പാങ്ങ് ജി.എൽ.പി സ്കൂൾ അധ്യാപകർ കഴിഞ്ഞ വർഷമെടുത്ത സ്റ്റാഫ് ഗ്രൂപ്പ് ഫോട്ടോ. ഇവരിൽ ചിലരാണ് അപകടത്തിൽപെട്ടത്.
മലപ്പുറം: വാൽപ്പാറയിലെ 13ാം ഹെയർപിൻ വളവിൽ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന് നഷ്ടമായത് ആറുപേർ. പ്രധാനധ്യാപികയടക്കം അഞ്ച് അധ്യാപികമാരും സ്കൂളിലെ പാചകതൊഴിലാളിയുമാണ് വിടപറഞ്ഞത്. സൗഹൃദസംഘമായി അവധിക്കാലത്ത് വിനോദസഞ്ചാരത്തിന് പോയി തിരിച്ചുവരുമ്പോഴാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.
പ്രധാനധ്യാപിക പി. അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, പാചകത്തൊഴിലാളി സാജിത എന്നിവരാണ് സ്കൂളിന് യാത്രയിൽ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടിൽനിന്ന് പുറപ്പെട്ട സംഘം വിവിധയിടങ്ങളിൽ സഞ്ചരിച്ച് വളവ് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം വന്നെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയിൽ തന്നെ വാഹനം പൂർണമായി തകർന്നിരുന്നു.
എൽ.പി അധ്യാപികയായ കെ. ഹസനത്തും കെ.ജിയിലെ അധ്യാപികമാരായ യശോദ, റസീന എന്നിവരും പ്യൂൺ ഗോപാലനും വിനോദയാത്രയുടെ ഭാഗമായിരുന്നില്ല. ഇവർക്ക് സഹപ്രവർത്തകരുടെ മരണം വലിയ സങ്കടമാണ് സമ്മാനിച്ചത്. സന്തോഷകരമായ വേനലവധി ഇവർക്ക് ദുഃഖത്തിന്റേതാകാൻ നിമിഷ നേരം മതിയായിരുന്നു.
അപകടം അറിഞ്ഞത് മുതൽ സ്കൂളിലെ പി.ടി.എ കമ്മിറ്റിയും വിദ്യാർഥികളും നാട്ടുകാരും പ്രാർഥനയിലായിരുന്നു. എന്നാൽ, ഇവർ വിടപറഞ്ഞെന്ന വിവരം എല്ലാവരെയും കണ്ണീരിലാഴ്ത്തി. വേനലവധിക്ക് സന്തോഷത്തോടെ, അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ വീണ്ടും കാണാമെന്ന വാക്കിലാണ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വിട പറഞ്ഞത്.
എന്നാൽ, ഈ ദുഃഖവാർത്ത വന്നതോടെ ഏവരും വലിയ ആഘാതത്തിലാണ്. അടുത്ത അധ്യയന വർഷം പുഞ്ചിരിയോടെ വരവേൽക്കാൻ തങ്ങളുടെ പ്രിയ ഗുരുനാഥൻമാരുണ്ടാകില്ലല്ലോ എന്നതാണ് വിദ്യാർഥികളുടെ മനോവേദന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.