മലപ്പുറം കോട്ടക്കുന്ന് ജലപരിശോധന കേന്ദ്രത്തിനു സമീപത്തെ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയ തിരുനാവായ സ്വദേശി ടി.കെ. മുഹമ്മദിനെ അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് താഴെയിറക്കുന്നതിന്റെ ദൃശ്യങ്ങൾ. (1) ടവറിനു മുകളിൽ കിടക്കുന്ന മുഹമ്മദ് (2) മുഹമ്മദിന് അരികിലേക്ക് എത്തുന്ന അഗ്നിരക്ഷ സേനാംഗം (3) അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസും ചേർന്ന് അനുനയിപ്പിക്കാനുള്ള ശ്രമം (4) മുഹമ്മദിനെ അനുനയിപ്പിച്ച് റെസ്ക്യൂ നെറ്റിലിരുത്തി താഴേക്ക് (5) റെസ്ക്യൂ നെറ്റിൽ താഴെയെത്തുന്നു (6) മെഡിക്കൽ പരിശോധനക്കായി പൊലീസിനൊപ്പം ആശുപത്രിയിലേക്ക് z പി. അഭിജിത്ത്
മഹല്ല് കമ്മിറ്റി ഊരുവിലക്കിയെന്ന് പരാതി; മൊബൈൽ ടവറിനു മുകളിൽ ആത്മഹത്യ ഭീഷണിയുമായി മധ്യവയസ്കൻ
മലപ്പുറം: മഹല്ല് ഊരുവിലക്ക് ഏർപ്പെടുത്തിയെന്നാരോപിച്ച് മധ്യവയസ്കൻ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. തിരുനാവായ അനന്താവൂർ മേടിപ്പാറ സ്വദേശി ടി.കെ. മുഹമ്മദാണ് (65) മലപ്പുറം കോട്ടക്കുന്നിൽ ജലപരിശോധന കേന്ദ്രത്തിനു സമീപത്തെ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൊബൈൽ ടവറിന്റെ ഏകദേശം 30 മീറ്റർ ഉയരത്തിൽ കയറിയ മുഹമ്മദിന്റെ കൈയിൽ വിഷയം സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ പകർപ്പുമുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം പൊലീസും മലപ്പുറം യൂനിറ്റ് അഗ്നിരക്ഷസേന അംഗങ്ങളും ടവറിനു മുകളിൽ കയറി മുഹമ്മദിനോട് കാര്യങ്ങൾ ചോദിച്ചു. പരാതി പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് താഴെയിറങ്ങാൻ സന്നദ്ധനായി. താഴെയിറക്കാൻ വൈകീട്ട് അഞ്ചോടെ അഗ്നിരക്ഷസേന പ്രത്യേക വല സജ്ജമാക്കി. ഒരുക്കങ്ങൾ പൂർത്തിയാക്കി 5.08 ഓടെ വല ടവറിന് മുകളിലെത്തിച്ചു.
അഗ്നിരക്ഷസേന അംഗങ്ങൾ 5.15ന് മുഹമ്മദിനെ വലയിൽ കയറ്റി. ഒരു മിനിറ്റ് കൊണ്ട് സുരക്ഷിതമായി താഴെയെത്തിച്ച് കുടിക്കാൻ വെള്ളം നൽകി. തന്നെയും കുടുംബത്തെയും കന്മനം മഹല്ല് കമ്മിറ്റി ഊരുവിലക്കിയെന്നും ഏറെ പ്രയാസപ്പെടുകയാണെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് മുഹമ്മദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, മുഹമ്മദിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഊരുവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മഹല്ല് പ്രസിഡന്റ് മുജീബ് റഹ്മാൻ അറിയിച്ചു. സംഭാവന വാങ്ങുന്നത് മാത്രമാണ് നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.