വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൻ ഹസീന വട്ടോളിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൗണിൽ പരിശോധന നടത്തുന്നു

വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തി

വളാഞ്ചേരി: നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ടൗണിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുമായി ടൗണിൽ സംയുക്ത പരിശോധന നടത്തി. നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ ചെയർപേഴ്‌സൻ ഹസീന വട്ടോളിയുടെയും ഡെപ്യൂട്ടി ചെയർപേഴ്‌സൻ കെ.വി. ഉണ്ണികൃഷ്‌ണന്റെയും നേതൃത്വത്തിൽ വൈദ്യുതി, പി.ഡബ്ല്യു.ഡി വകുപ്പുകളുമായി ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്തിയത്.

നഗരത്തിലെ പ്രധാന റോഡുകളിലും ഗതാഗതത്തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ റോഡരികിലും നടപ്പാതകളോടും ചേർന്ന് ഗതാഗതത്തിനും കാൽനടയാത്രക്കും തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ച ടെലിഫോൺ തൂണുകളും വൈദ്യുതി തൂണുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിശോധിച്ചു.

റോഡിന്റെ വീതി കുറക്കുന്നതും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ തൂണുകൾ മാറ്റി സ്ഥാപിക്കാനും മറ്റു ഉപാധികൾ സ്വീകരിക്കുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. വൈദ്യുതി, പി.ഡബ്ല്യു.ഡി, വകുപ്പുകളുമായി ഏകോപിച്ച് നിലവിലുള്ള പോസ്റ്റുകളുടെ സ്ഥാനം പരിശോധിച്ചതിനെത്തുടർന്ന് ഗതാഗതത്തിന് തടസ്സമാകുന്നവ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക് കുറക്കാനായി റോഡുകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക, അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുക, കാൽനടക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് തുടർനടപടി ആസൂത്രണം ചെയ്യുന്നത്.

ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഘട്ടംഘട്ടമായി നടപടികൾ പൂർത്തീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൗൺസിലർ റഫ്മാബി, കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി അസി.എൻജിനീയർ എം. ശംസുദ്ദീൻ, വളാഞ്ചേരി കെ.എസ്.ഇ.ബി സബ് എൻജിനീയർ മുഹമ്മദ് റാഫി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, ഓവർസിയർമാരായ ബിമൽ, മുഹമ്മദ് ഷമീം, നഗരസഭ ജീവനക്കാരനായ ശരത് തുടങ്ങിയവർ പരിശോധന നേതൃത്വം നൽകി. 

Tags:    
News Summary - Traffic congestion in Valancherry; Public representatives and officials inspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.