പുളിക്കല്‍ പാണ്ടിയാട്ടുപുറത്തെ വിവാദ വ്യവസായ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്
പുളിക്കല്‍: സാംസ്കാരിക പ്രവര്‍ത്തകനും മാപ്പിളകല അക്കാദമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ വിവാദമായ പുളിക്കല്‍ പാണ്ടിയാട്ടുപുറത്തെ വ്യവസായ സ്ഥാപനം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നടത്തിയ ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുള്‍പ്പെടെ ജന പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാരും പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ 10ന് കൊട്ടപ്പുറത്ത് ആരംഭിച്ച മാര്‍ച്ച് പാണ്ടിയാട്ടുപുറത്തെ വ്യവസായ കേന്ദ്രത്തിന് സമീപം പൊലീസ് തടഞ്ഞു. ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍, യുവജന കൂട്ടായ്മ പ്രതിനിധികള്‍, കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടി ഭാരവാഹികള്‍, സമര സമിതി ഭാരവാഹികള്‍, തദ്ദേശീയര്‍ തുടങ്ങി നൂറിൽപരം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ പി.വി. മുഹമ്മദലി, കെ. സിറാജ്, ജമാല്‍ പയമ്പ്രോട്ട്, പി.വി. അഹമ്മദ് സാജു, ആഷിഖ് പയമ്പ്രോട്ട്, കെ.വി. സൈനുദ്ദീന്‍, ടി.പി. ആസിഫ്, ടി.പി. റിയാസ്, പി. റിഷാദ്, മന്‍സൂര്‍ കൊട്ടപ്പുറം, ടി.എ. ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പുളിക്കലിലെ വിവാദ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയമപരവും ജനകീയവുമായി നേരിടുമെന്ന് സമര സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചത്. ഹൈകോടതിയുടെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ നിയമ നടപടികളും സമര സമിതി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.