ലിനോയ് മുള്ളമ്പാറ വരിയാലിലെ ഷെഡിൽ ജോലിക്കിടെ -പി. അഭിജിത്ത്
കാലുകളെന്തിന്, ലിനോയ്ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തുണ്ട്
മലപ്പുറം: പരിമിതികളെ കഠിനാധ്വാനത്തിലൂടെ അതിജീവിച്ച് ആത്മാഭിമാനമുള്ള ജീവിതം കൊത്തിപ്പണിഞ്ഞ കഥയാണ് മഞ്ചേരി വേട്ടേക്കോട് സ്വദേശി ലിനോയിയുടേത്. ശാരീരിക പരിമിതിയിലും അണയാത്ത ആത്മവിശ്വാസവുമായി മുന്നേറിയ ഈ 35കാരന്റെ ജീവിതം പ്രചോദനത്തിന്റെ വലിയ പാഠങ്ങൾകൂടിയാണ്. 15 വർഷത്തോളമായി പ്രദേശത്തെ ഫർണിച്ചർ, ഇന്റീരിയർ, പ്ലൈവുഡ് സാധന നിർമാണരംഗത്ത് പേരുകേട്ട മരപ്പണിക്കാരനാണ് ഇരു കാലുകളുമില്ലാത്ത ലിനോയ്. വേട്ടേക്കോട് വടക്കേപറമ്പ് രാജന്റെയും ശശികലയുടെയും മകനായ ലിനോയ്ക്ക് ജന്മനാ കാലുകളില്ല. എങ്കിലും കൂട്ടുകാർക്കൊപ്പം തന്നാലാകുംവിധം കളിച്ച് നടന്നു.
ഒമ്പതാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നെങ്കിലും വെറുതെയിരിക്കാൻ ലിനോയ് തയാറായില്ല. സുഹൃത്തിന്റെ നിർദേശപ്രകാരം ആശാരിപ്പണി പഠിച്ചു. ഇന്ന് മുള്ളമ്പാറ വരിയാലിലുള്ള ഷെഡിലെ പ്രധാന ജോലിക്കാരിലൊരാളാണ്. സ്വന്തമായി സ്കൂട്ടർ ഓടിച്ചാണ് വരുന്നതും പോകുന്നതും. മെഷീനുകൾ പ്രവർത്തിപ്പിക്കാനും വീടുകളിൽ പോയി ജനലുകളും വാതിലുകളും സ്ഥാപിക്കാനുമെല്ലാം ലിനോയ് മുന്നിലുണ്ട്. 15 വർഷത്തിനിടെ മോങ്ങം, വള്ളുവമ്പ്രം, പാണായി എന്നിവിടങ്ങളിലും ജോലി ചെയ്തു. ഭാര്യ അനിലയും മകൻ താരകേശ്വർ ഭൂപതിയുമുൾപ്പെടെയുള്ള കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണയാണ് കരുത്തെന്ന് ലിനോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.