മലപ്പുറം: മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ട മാരുതി എര്‍ട്ടിഗ കാര്‍ മോഷണം പോയ സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുകയായ 4,36,109 രൂപ നല്കാന് ജില്ല ഉപഭോക്തൃ കമീഷന് വിധി. വാഹന ഉടമ മുണ്ടുപറമ്പ് സ്വദേശിനി നല്കിയ പരാതിയിലാണ് വിധി. 2016 ഡിസംബര്‍ 15ന് ഉച്ചക്ക് പരാതിക്കാരിയുടെ മകന് മുണ്ടുപറമ്പില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയശേഷം കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്നപ്പോഴേക്കും വാഹനം കാണാതായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. വാഹനം മോഷ്ടിക്കപ്പെടുന്ന സമയത്ത് വാഹനത്തിന് ചാവിവെക്കാന് ഇടയായി എന്നും വാഹനം സൂക്ഷിക്കുന്നതില്‍ ഉടമസ്ഥന് ജാഗ്രത കാണിച്ചില്ലെന്നും പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.
വാഹനം നിര്‍ത്തിയിട്ടപ്പോള്‍ ചാവി അതിനകത്തുതന്നെ വെച്ചത് പോളിസി ഉടമയുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചയായി കാണാനാവില്ലെന്നും ഇന്‍ഷുറന്‍സ് നല്കാന് കമ്പനിക്ക് ബാധ്യതയുണ്ടെന്നും കമീഷന് വിധിച്ചു. ഇന്‍ഷുറന്‍സ് തുകയായ 4,36,109 രൂപ പരാതി നല്കിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കുന്നതിനാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയോട് കമീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായിട്ടും നല്‍കണം. ഒരുമാസത്തിനകം വിധി നടപ്പാക്കാതിരുന്നാല്‍ പരാതി തീയതി മുതല്‍ വിധി നടപ്പാക്കുന്നത് വരെ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കമീഷന് വിധിച്ചു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്റേതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.