തിരൂർ: തിരൂർ -ചമ്രവട്ടം പാതയിൽ അധികൃതരുടെ അനാസ്ഥമൂലം അപകടക്കെണിയായ ഓവുചാൽ കൈവരിയുടെ മധ്യഭാഗം മുറിഞ്ഞു. ചമ്രവട്ടം അങ്ങാടിയുടെയും പാലത്തിന്റെയും ഇടയിലെ ഓവുചാലിന്റെ കൈവരി പലപ്പോഴായി തെന്നിനീങ്ങിയത് അപകട സാധ്യത വർധിപ്പിച്ചിരുന്നു. ഇതിനിടക്കാണ് കൈവരിയുടെ നടുവൊടിഞ്ഞത്. മാസങ്ങൾക്കു മുമ്പാണ് ഇതിന്റെ പണി പൂർത്തിയായത്. കൈവരി നിർമാണത്തിലെ അശാസ്ത്രീയതകൊണ്ടാണ് തെന്നി നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മൂന്നു മീറ്റർ അധികം നീളമുള്ള ഈ കോൺക്രീറ്റ് കൈവരിയുടെ ഒരുഭാഗം ഇപ്പോൾ റോഡിലേക്ക് ഇറങ്ങിയ അവസ്ഥയിലാണ്.
ഇതുവഴി പോകുന്ന ലോറിയോ മറ്റോ തട്ടിയാണ് ഇത് ഇളകി മാറുന്നതെന്നാണ് അധികൃതർ പറയുന്നത്. കൈവരി റോഡിലേക്ക് നീങ്ങിയത് കാരണം ചെറുവാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് രാത്രികാലത്ത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കൂടാതെ ഇതുവഴി നടന്നുപോകുന്ന കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടങ്ങൾ നടന്ന ചമ്രവട്ടം പാത ഇപ്പോൾ നാട്ടുകാർക്ക് ആശങ്ക ഉയർത്തുന്ന റോഡായി മാറി.
ആയിരക്കണക്കിന് ലോറികളും അന്തർ സംസ്ഥാന വാഹനങ്ങളും കടന്നുപോകുന്ന ചമ്രവട്ടം പാതയിൽ മുന്നറിയിപ്പ് ബോർഡുകളോ ആവശ്യമായ പരിശോധനകളോ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തിരൂർ: മലപ്പുറം -തിരൂർ പ്രധാന റോഡിൽ തലക്കടത്തൂർ മുതൽ വൈലത്തൂർ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. നവകേരള സദസ്സ് തിരൂർ, താനൂർ മണ്ഡലത്തിലൂടെ തിങ്കളാഴ്ച കടന്നുപോകാനിരിക്കെ റോഡിന്റെ ശോച്യാവസ്ഥ വീണ്ടും ചർച്ചയായി. മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലത്തിലെ തലക്കടത്തൂർ മുതൽ വൈലത്തൂർ വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ട് വർഷങ്ങളായി. ഇതുമൂലം അപകടസാധ്യത കൂടുതലാണ്. വാഹനങ്ങളും കാൽനട യാത്രക്കാരും ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് റോഡിന്റെ ഇരുവശങ്ങളും ഒഴിവാക്കി നടുവിലൂടെ അഞ്ച് മീറ്റർ ടാർ ചെയ്തത്.
പിന്നീട് മഴ ശക്തിപ്രാപിച്ചതോടെ ടാറിളകി മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെയുള്ള ഏഴ് കിലോമീറ്റർ നീളത്തിൽ ആറര കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം ആരംഭിച്ചത്.
എന്നാൽ, പൈപ്പ് ലൈൻ നിർമിക്കാൻ കഴിയാത്തതിനാലാണ് തലക്കടത്തൂർ മുതൽ വൈലത്തൂർ വരെ റോഡ് നിർമാണം തടസ്സപ്പെട്ടിരിക്കുന്നത്. രണ്ടുതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും മഴ പെയ്തതോടെ വീണ്ടും ടാർ ഇളകി മുമ്പത്തെ പോലെത്തന്നെ മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലയിലായി. റോഡിൽ നിറയെ അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ മൗനം തുടരുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.
ആഴ്ചകൾക്ക് മുമ്പ് ഈ റോഡിലെ കുഴിയിൽ വീണ യുവാവ് ഹെൽമെറ്റ് ധരിച്ചതിനാലാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.