മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവ് ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പ്രദേശം സന്ദർശിക്കുന്നു
മാറഞ്ചേരി: അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്പോട്ടുകൾ കണ്ടെത്തി വിവിധ ടൂറിസം സർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുമുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രപോസൽ സമർപ്പിച്ചു. ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനുമായുള്ള കേന്ദ്രം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഓപൺ എയർ പോഡിയം, റെയിൻ ഹട്ട്, ഫിഷിങ് ഡക്ക്, ബോട്ട് ജെട്ടി, ഓപൺ ജിം അടക്കമുള്ള പദ്ധതിയാണ് രൂപകൽപന ചെയ്യുന്നത്.
ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുക. മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ് സെന്ററിന് അടുത്തുള്ളതുമായ പഴയകടവ് പുഴ പുറമ്പോക്ക് ഭൂമിയിലാണ് പദ്ധതി യാഥാർഥ്യമാവുക. ഇതിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, തദ്ദേശ ഭരണ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അജിത്കുമാർ, എ.ഇ രേഷ്മ, ടൂറിസം വകുപ്പ് എംപാനൽ ആർക്കിടെക്ട് വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ശിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം നിഷാദ് അബൂബക്കർ, ബി.ഡി.ഒ കെ.ജി. അമൽദാസ്, ജി.ഇ.ഒ ടി. ജമാലുദ്ദീൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ആളുകൾക്ക് ഒത്തുകൂടുന്നതിനും വിനോദത്തിനും എല്ലായിടത്തും പൊതു ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.