മാധ്യമം എജുകഫെക്ക് മലപ്പുറത്ത് പ്രൗഢോജ്വല തുടക്കം;തുറന്നു, ഭാവിയുടെ വാതായനങ്ങൾ

മലപ്പുറം: ഭാവി പടുത്തുയർത്താനുള്ള ആശയങ്ങളും അനുഭവങ്ങളും വിദ്യാർഥികൾക്ക് പകർന്നുനൽകി, കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫെയുടെ 11ാമത് എഡിഷന് മലപ്പുറത്ത് പ്രൗഢോജ്വല തുടക്കം.

വിദഗ്‍ധരും അനുഭവസമ്പന്നരും പങ്കുവെച്ച അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും കരുത്തിൽ ദിശാബോധം കൈവരിച്ചാണ് മേളയിൽ പങ്കെടുത്ത വിദ്യാർഥികളും രക്ഷിതാക്കളും ആദ്യദിനം മേള വിട്ടത്. രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരുമടക്കം ആയിരങ്ങൾ പങ്കെടുത്ത മേള മലപ്പുറം റോസ് ലോഞ്ചിൽ രണ്ടു ദിവസങ്ങളിലായാണ് നടക്കുന്നത്.

നാട്ടിലും മറുനാട്ടിലും വിദേശത്തുമായുള്ള വിശാല ഉപരിപഠന സാധ്യതകളിലേക്ക് തുറന്നിട്ട വാതായനങ്ങളായിരുന്നു വിവിധ സെഷനുകൾ. വലിയ വലിയ സ്വപ്നങ്ങൾ കാണാനും അത് ജീവിതത്തിലെ പ്രധാന ലക്ഷ്യമാക്കി മാറ്റി, കഠിനപ്രയത്നത്തിലൂടെ കൈപിടിയിലൊതുക്കാനും സാധിക്കുമെന്ന ആത്മവിശ്വാസം വിദ്യാർഥികളിൽ സെഷനുകൾ ഊട്ടിയുറപ്പിച്ചു. അതിരുകളില്ലാത്ത ഉപരിപഠനലോകത്തേക്ക് മടികൂടാതെ കയറിച്ചെല്ലാനുള്ള കരുത്ത് നൽകുന്നതായിരുന്ന മേള. ‘കൺഫ്യൂഷൻ വേണ്ട, ഫ്യൂച്ചർ സെറ്റാണ്’ എന്ന പ്രമേയവുമായി മേള നടക്കുന്നത്.

വിവിധ പഠനമേഖലകൾ പരിചയപ്പെടാനും തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും ഉന്നത പദവികളും ജീവിതവിജയങ്ങളും നേടിയവർ പങ്കുവെച്ച അനുഭവങ്ങൾ ഉൾക്കൊള്ളാനും കിട്ടിയ അവസരം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുതൽക്കൂട്ടായി.

ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ മേളയിൽ ഫ്യൂച്ചർ ഡയറക്ടർ ലിനീഷ് കൊടിയാട്ട്, അക്കാദമിക് വിദഗ്ധരായ റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ നയിച്ച പാനൽ ചർച്ച, പ്രമുഖ സംരംഭക നിമ സുലൈമാനുമായി അവതാരക പി. രേവതി നടത്തിയ ചാറ്റ് ഷോ, ട്രാൻസ്ഫർമേഷൻ കൺസൽട്ടന്റ് ബ്രാൻഡ് സാമിയുടെ കമ്യൂണിക്കേഷൻ സെഷൻ, ഐ.ക്യൂ മാൻ അജി. ആറിന്റെ ഐ.ക്യൂ സെഷൻ, ട്രെയിനർ ടി. മുജീബ്, പരിസ്ഥിതി പ്രവർത്തകനും ട്രാവലറുമായ ഹാമിദലി വാഴക്കാട്, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. റാഷിദ് ഗസ്സാലി എന്നിവരുടെ സെഷനുകൾ, സിജി കരിയർ കൗൺസിലർ ലുബ്ന നുഫൈലിന്റെ ഉപരിപഠന സാധ്യതകളെകുറിച്ചുള്ള സെഷൻ, മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബിന്റെ ഉന്നതപഠനസാധ്യതകളെകുറിച്ചുള്ള സെഷൻ, മെന്റലിസ്റ്റ് ഫാസിൽ ബഷീറിനെറ മെന്റലിസം ഷോ എന്നിവ മേളയെ ആകർഷകമാക്കി. മേള ബുധനാഴ്ച സമാപിക്കും.

Tags:    
News Summary - Media EduCafe gets off to a flying start in Malappuram; Doors of the future open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.