ആ​ന്തി​യൂ​ര്‍ക്കു​ന്നി​ല്‍ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളി​യ​തി​ന് പു​ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​ണ്ടു​കെ​ട്ടി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്രം

മാലിന്യം തള്ളിയ മണ്ണുമാന്തിയന്ത്രം ലേലം ചെയ്യാം; ഹൈകോടതി വിധി പുളിക്കൽ പഞ്ചായത്തിന് അനുകൂലം

പുളിക്കൽ: ജനവാസപ്രദേശത്തിനടുത്ത് സ്വകാര്യ സ്ഥലത്ത് മാലിന്യം തള്ളാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രം ലേലം ചെയ്യാനുള്ള പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ നടപടി ശരിവെച്ച് ഹൈകോടതി. വാഹന ഉടമകൾ നൽകിയ പരാതി തള്ളിയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. വിധിയുടെ പശ്ചാത്തലത്തിൽ ലേലനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

2025 ആഗസ്റ്റ് രണ്ടിന് പുളിക്കൽ ആന്തിയൂർക്കുന്നിലെ ഉപയോഗശൂന്യമായ സ്വകാര്യ ക്വാറിയിൽ ടൺകണക്കിന് മാലിന്യം തള്ളിയതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മാലിന്യം തള്ളാന്‍ കരാറെടുത്തവര്‍ക്കും ഭൂവുടമക്കും രണ്ടു ലക്ഷം രൂപ പിഴയിടുകയും തള്ളിയ മാലിന്യം മുഴുവന്‍ സ്ഥലത്തുനിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മാലിന്യം നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരരംഗത്ത് വരുകയും ജില്ല കലക്ടറെയും പുളിക്കല്‍ പഞ്ചായത്ത് അധികൃതരെയും എതിര്‍ കക്ഷികളാക്കി ഹൈകോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് പരിഗണിച്ച് പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കാന്‍ കോടതി കലക്ടര്‍ക്ക് നിർദേശം നല്‍കി. മാലിന്യം നീക്കാൻ വരുന്ന ചെലവിലേക്ക് മണ്ണുമാന്തിയന്ത്രം പൊതു ലേലത്തിലൂടെ വില്‍പന നടത്തി തുക കണ്ടെത്താനും പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. തുടർനടപടികളുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം കണ്ടുകെട്ടി ലേലം ചെയ്യാൻ പെരിന്തൽമണ്ണ സബ് കലക്ടർ ഉത്തരവിട്ടു.

വാഹനം വാടകക്ക് നൽകിയതാണെന്നും ദുരുപയോഗം അറിയില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി ഉടമകൾ ലേലനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടിയ നടപടി കോടതി ശരിവെച്ചു. പഞ്ചായത്തിനുവേണ്ടി അഭിഭാഷകരായ ആർ. രാംദാസ്, കെ.ആർ. ബിജുലാൽ എന്നിവർ ഹാജരായി.

Tags:    
News Summary - Pulikkal Panchayat Set to Auction Excavator After Favorable High Court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.