പരപ്പനങ്ങാടി മെക് 7 ടീം
പരപ്പനങ്ങാടി: ടൗണിലെ തിരഞ്ഞെടുക്കപ്പെട്ട ഫ്ലാറ്റുകളിൽ മാത്രം നിലനിന്നിരുന്ന യോഗയുടെ വ്യായാമമുറകൾ മെക്-7 ലൂടെ ഗ്രാമങ്ങളിൽ അലയടിക്കാൻ തുടങ്ങിയിട്ട് മൂന്നാണ്ട് തികഞ്ഞു. ഇന്ത്യൻ പാര മിലിട്ടറി സർവിസിൽനിന്ന് സ്വയം വിരമിച്ച കൊണ്ടോട്ടി തുറക്കൽ സ്വദേശി സലാഹുദ്ദീനാണ് മെക്-7 ജനകീയ വ്യായാമ നൈരന്തര്യത്തിന് തുടക്കം കുറിച്ചത്. 2012 ഗൃഹപാഠം തുടങ്ങിയ മൾട്ടി എക്സൈസ് കോമ്പിനേഷൻ (മെക്-7) 2022 മുതലാണ് ജനകീയമായത്.
മലബാറിന്റെ ഗ്രാമീണ സുപ്രഭാതങ്ങളെ തൊട്ടുണർത്തി നൂറുകണക്കിന് മെക് 7 യൂനിറ്റുകൾ ജില്ലകൾതോറും സജീവമാണിപ്പോൾ. അരമണിക്കൂറിനകം ചെയ്തുതീർക്കുന്ന 21 ഇനം വ്യായാമമുറകളാണ് മെക്സെവൻ സമ്മാനിക്കുന്നത്.
പെട്ടെന്ന് ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും പൊടുന്നനെ വളർന്ന് പന്തലിച്ചതുമായ ഈ വ്യായാമ കൂട്ടായ്മകളെ കണ്ട് അമ്പരന്ന ചില രാഷ്ട്രീയ നേതാക്കളും മത സംഘടന പണ്ഡിതന്മാരും രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും തങ്ങളുടെ സന്ദേഹങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച പാളയത്തിലെ പ്രവർത്തകർ തന്നെ തങ്ങളുടെ അനുഭവ പാഠങ്ങളുമായി രംഗത്ത് വന്നതോടെ വിമർശനങ്ങൾ കെട്ടിടങ്ങി.
കുടുംബിനിമാർക്കിടയിലും റസിഡൻസ് അസോസിയേഷനുകളും മറ്റും കേന്ദ്രീകരിച്ചും മെക് സെവൻ കൂട്ടായ്മകൾ വ്യാപകമാണ്. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പ്രവർത്തിക്കുന്ന വ്യായാമ ഗ്രൂപ്പിന് പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബാണ് നേതൃത്വം നൽകുന്നത്.
രണ്ടു വർഷമായി സ്ഥിരമായി മെക് സെവൻ വ്യായാമ കൂട്ടായ്മയിൽ പങ്കെടുക്കുന്നവരിൽ നിന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികളായ ഹമീദ് നഹ, ജമാൽ അബ്ദുൾ നാസർ എന്നിവർ പറഞ്ഞു. ഇന്ത്യൻ ആർമിയിലെ കമാൻഡന്റ് ആയിരുന്ന ശശിധരൻ പരപ്പനങ്ങാടിയാണ് പരപ്പനങ്ങാടി യൂനിറ്റിലെ ചീഫ് ഇൻസ്ട്രക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.