ബിജു പാറോൽ ലഹരി വിരുദ്ധ ക്ലാസെടുക്കുന്നു (ഫയൽ)
പരപ്പനങ്ങാടി: തിരൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിജുവിന് ലഹരിക്കെതിരായ യുദ്ധം തൊഴിൽ മാത്രമല്ല, സാമൂഹിക പോരാട്ടം കൂടിയാണ്. ലഹരിയുടെ ചതിക്കുഴിയിൽ പെട്ടുപോയവരെ ചേർത്തുപിടിച്ചു ജീവിതം തിരിച്ചു നൽകാനും പുതുതലമുറ ലഹരിയുടെ കെണിയിൽ പെടാതിരിക്കാൻ സമൂഹത്തെ കാവൽ പോരാളികളാക്കാനും ബിജു പാറോൽ നടത്തുന്ന ലഹരി വിരുദ്ധ യുദ്ധം സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചമാണ്.
വിദ്യാലയങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മകൾ, മത സംഘടനകൾ, മഹല്ല് കമ്മിറ്റികൾ എന്നിവയുടെ പരിപാടികൾ, അധ്യാപക സംഘടന നേതൃത്വ കൂട്ടായ്മകൾ, പൊതുജനവേദികൾ, പൊലീസിന്റെയും എക്സൈസിന്റെയും ഔദോഗിക പരിപാടികൾ തുടങ്ങി എത്തുന്ന എല്ലാ വേദികളിലും ലഹരിയുടെ പരിണിത ഫലങ്ങളെ കുറിച്ചും ദുരന്തത്തെ കുറിച്ചും കണക്കുകളും വസ്തുതകളും നിരത്തിയുള്ള പ്രഭാഷണങ്ങൾ. ബിജുവിന്റെ പ്രയത്നം ഇതിനകം 3000 വേദികൾ പിന്നിട്ടു.
സർവിസിൽ 23 വർഷം പിന്നിട്ട ബിജു ഒന്നര പതിറ്റാണ്ടിലേറെയായി ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ജനങ്ങൾക്കിടയിലുണ്ട്. കലയെ ലഹരിക്കെതിരെ ആയുധമാക്കാനും ശ്രമങ്ങൾ നടത്തി.
വിമുക്തി മിഷൻ ആവിഷ്കരിച്ച ലഹരി വിരുദ്ധ നാടക വേദിയിൽ പ്രധാന കഥാപാത്രത്തിന്റെ വേഷമിട്ടു. എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം തുടക്കമിട്ട ‘ലഹരിക്കെതിരെ സംഗീത ലഹരി’ എന്ന പാട്ടും പറച്ചിലും ശൈലിയിൽ ആവിഷ്കരിച്ച ഗാനമേള ടീമിനെയും നയിച്ചു.
ലഹരിയുടെ അപകടാവസ്ഥ പുതുതലമുറയെ ബോധ്യപ്പെടുത്താൻ ഡിജിറ്റൽ രംഗത്തും കൈ വെച്ചു. മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള ഷോർട്ട് വിഡിയോകളും റീലുകളും രംഗത്തിറക്കി. മികച്ച ബോധവത്ക്കരണത്തിനുള്ള സ്റ്റേറ്റ് എക്സെസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് നേടിയ ബിജു പാറോലിനെ സാമൂഹ്യ സന്നദ്ധ സംഘങ്ങൾ നിരവധി ഉപഹാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഓഫീസ് കേന്ദ്രീകരിച്ചുള്ള ഔദോഗിക ചുമതലകളിൽ വീഴ്ച വരുത്താതെയാണ് ബിജു പാറോൽ ലഹരിക്കെതിരെ യുദ്ധം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.