സന്തോഷ് ട്രോഫിയിൽ രാജസ്ഥാൻ ടീമിന്റെ പഴയ കാല ലെയ്സൺ ഓഫീസറായിരുന്ന പരപ്പനങ്ങാടി സ്വദേശി അബ്ദു റഹിമാൻ നഹ

ഒറ്റപ്പെടലിന്റെ വേദനക്കിടയിലും സന്തോഷ് താരത്തിന്റെ മനസിൽ ആവേശത്തിന്റെ തിരയിളക്കം.

പരപ്പനങ്ങാടി : സന്തോഷ് ട്രോഫിയുടെ തിരയിളക്കം മലപ്പുറത്ത് നിന്നുയരുമ്പോൾ ഒറ്റപ്പെടലിന്റെ ദുരിത പാടുകൾ മറന്ന് അബ്ദുറഹിമാൻ നഹയുടെ മനസിൽ ആവേശത്തിന്റെ പടയൊരുക്കം. സന്തോഷ് ട്രോഫി ടൂർണമെന്റ് കളത്തിൽ രാജസ്ഥാൻ ടീമിന്റെ ലെയ്സൺ ഓഫീസറായും പഴയ കാല സെവൻസ് ഫുട്ബോൾ പടക്കളത്തിലെ ഇതിഹാസ താരമായും ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിന്ന പരപ്പനങ്ങാടി സ്വദേശി അബ്ദുറഹിമാൻ നഹ മദ്രാസ് റെജ്മെന്റ് സെന്ററിൽ നിന്നാണ് കാൽപന്തു കളിയുടെ മികവുറ്റ പരിശീലനം സ്വായത്തമാക്കിയത്.

അക്കാലത്തെ മലപ്പുറത്തെ പേരു കേട്ട ഗോളി അബു മലപ്പുറത്തിന്റെയും സന്തോഷ് ട്രോഫി താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനുമായിരുന്ന പരപ്പനങ്ങാടി സ്വദേശി അബു മാഷെന്ന മമ്പാട് കോളേജിലെ പ്രഥമ പി.ടി. അധ്യാപകനായിരുന്ന പരേതനായ സി. പി. അബൂബക്കറിന്റെയും പിന്തുണയോടെയാണ് മദ്രാസ് റജിമെന്റ് സെന്ററിലെത്തിയത്. എന്നാൽ സെവൻസ് പടക്കളത്തിലെ ഇതിഹാസ താരത്തിന്റെ ജീവിത സായാഹ്നം രക്ത ബന്ധത്തിന്റെ സാന്ത്വനം കൊതിക്കുകയാണിപ്പോൾ. സ്വാതന്ത്ര്യ സമര സേനാനിയും ചരിത്രത്തിൽ പ്രസിദ്ധി നേടിയ ബ്രിട്ടീഷ് വിരുദ്ധ കീഴരിയൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയുമായ പരപ്പനങ്ങാടിയിലെ ബോംബ് നഹ എന്ന മുഹമ്മദ് നഹയുടെ സീമന്ത പുത്രനാണ് അബ്ദുറഹിമാൻ നഹ . 86ന്റെ നിറവിലും ഫുട്ബോളെന്ന് കേട്ടാൽ നഹയുടെ എല്ലാ സങ്കടങ്ങളും താനെ പറന്നകലും. കാൽപന്തുകളിയിൽ നാടിന്റെ ഇതിഹാസ താരമായിരുന്ന നഹ കുടുംബത്തിലെ ഈ കാരണവർ ഇപ്പോൾ ടൗണിലെ വാടക കെട്ടിടത്തിലെ ഒന്നാം നിലയിൽ ഒറ്റയാനായി ജീവിതം തള്ളി നീക്കുകയാണ്.

എന്നും കളിയാണ് നഹയുടെ ജീവിതത്തെ കാര്യത്തിലേക്ക് നയിച്ചിട്ടുള്ളത്. പലയിടത്തായി ജോലി തേടി അലഞ യൗവ്വന കാലം. നഹ കയ്യിലുള്ള കായിക സർട്ടിഫിക്കറ്റുകളുമായി മുംബൈയിൽ നിന്ന് ദുബായിലേക്ക് ലോഞ്ച് കയറി. ഒരു കയ്യിൽ ജീവിത സമ്പാദ്യമായ കായിക സർട്ടിഫിക്കറ്റുകൾ ഉയർത്തിപിടിച്ച് കടൽ നിന്തി അറേമ്പ്യൻ കരയിലെത്തി പറ്റി. വിശന്നു വലഞ്ഞും തളർന്ന് തകർന്നും ഒമാനിന്റെ കരയിലെത്തിയ തങ്ങളുടെ മുന്നിൽ തോക്കുചൂണ്ടിയ മൂന്നു ബദുക്കളെത്തി ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോയി. തങ്ങളുടെ കയ്യിലൊന്നും ഇല്ലന്ന് മനസിലായതോടെ ഒമാൻ ചെക്പോസ്റ്റിൽ തള്ളി അവർ തടിയെടുത്തു. എന്നാൽ അവരിൽ നിന്ന് കിട്ടിയ വെള്ളവും കാരക്കയും ജീവിതത്തിലെ ഏറ്റവും രുചിയാർന്ന ഭക്ഷണമായി ഇന്നും സ്മൃതിയിൽ തങ്ങി നിൽക്കുന്നു. ഒമാൻ ചെക്ക് പോസ്റ്റിൽ നിന്ന് പുറപ്പെട്ട ഒരു വാഴക്കുല വണ്ടിയിൽ മുകളിൽ വാഴക്കുലകളും അടിയിൽ തങ്ങളും കിടന്ന് യാത്ര പുറപ്പെട്ടു. എങ്ങോട്ടെന്നില്ലാത്ത യാത്രാ മധ്യെ റോഡോ രത്ത് മണലാരണ്യത്തിൽ കെട്ടിയുണ്ടാക്കിയ ടെന്റുകൾ കണ്ടു. അവിടെ പാക്കിസ്ഥാനികളായ പട്ടാണി തൊഴിലാളികളെ കണ്ടു. അവരുടെ ഊഷ്മള ആധിഥേയത്വം ജീവിതത്തിൽ വഴി ത്തിരിവായി. ദുബൈ ലെ ചാവക്കാട്ടുകാരനായ മലയാളി ഹോട്ടലുടമ ഖാദർക്കയുടെ കടയുടെ മുന്നിലെത്തി. ഖാദർക്കയുടെ കഞ്ഞിയും കൊടിഞ്ഞി സ്വദേശി രായിൻ കുട്ടിയുടെ ആതിഥേയത്വവും പ്രതീക്ഷയുടെ ഫോർവേർഡിൽ ഇറങ്ങി കളിക്കാൻ ഇന്ധനമായി. ദുബൈയിൽ ബ്രീട്ടീഷ് ഉദ്യാഗസ്ഥർ ഫുട്ബോൾ പരിശീലിക്കുന്നത് സാകൂതം നോക്കി നിന്നത് അബ്ദുറഹിമാൻ നഹയുടെ മുംബിൽ പുതിയ ലോകം തുറന്നു. അങ്ങിനെ ദുബൈ ഡിഫൻസിൽ മൂന്നു വർഷത്തിലേറെ ഫിസിക്കൽ ട്രയിനിങ്ങ് ഓഫീസറായി ഔദോഗിക ജീവിതം പച്ചപിടിച്ചു.

ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിച്ച നഹക്ക് ഫുട്ബോൾ തന്നെ പ്രവാസ ലോകത്ത് ജീവിതം സമ്മാനിച്ചു.ചില പാശ്ചാത്യ ഓഫിസർ മാരുടെ വിവേചന പൂർണമായ ഇടപെടലുകളെ ചോദ്യം ചെയ്ത് പിന്നീട് ജോലി വലിച്ചെറിഞ് നാട്ടിൽ തിരിച്ചെത്തിയ അബ്ദുറഹിമാൻ നഹ കളിയോടൊപ്പം തുടങ്ങിയ ബിസിനസുകളെല്ലാം കാര്യമായി പച്ച പിടിച്ചില്ല. . തീർത്തും ഒറ്റപ്പെട്ടു. സഹ ധർമ്മിണിയോടൊ രക്ത ബന്ധത്തിൽ ആരോടെങ്കിലുമൊ അവിവേകമായി വല്ലതും പറഞ്ഞിട്ടുണ്ടങ്കിൽ താഴ്മയോടെ ഈ റംദാൻ കാലത്തിന്റെ വ്രത പരിശീലനം നൽകിയ പ്രായശ്ചിത്ത മനസ് കൊണ്ട് വിട്ട് വീഴ്ച്ച ചെയ്യണമെന്ന് പറയാൻ ഇദ്ധേഹത്തിനൊരു മടിയുമില്ല......, ആരോടും നഹക്ക് പരാതിയൊ പരിഭവങ്ങളൊ ഇല്ല . ഫുട്ബോളിനെ സ്നേഹിക്കുന്ന പുതിയ തലമുറയുടെ സാമിപ്യം ഈ കാരണവർ കൊതിക്കുന്നുണ്ട്. എന്നാൽ താൻ സന്തോഷ് ട്രോഫിയിൽ ലെയ്സൺ ഓഫീസറായി ജെഴ്സിയണിഞ രാജസ്ഥാൻ ടീമിന് തന്റെ ജില്ലയിൽ വെച്ചുണ്ടായ അപമാനകരമായ തിരിച്ചടി നഹ യെ വേദനിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Footballer naha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.