പരപ്പനങ്ങാടി: വറുതിയുടെ ദിനങ്ങൾക്കിടയിൽ പ്രത്യാശയുടെ കടലോളങ്ങൾ തീർത്ത് കയറിയ ചെമ്പാൻ ചാകര വന്ന വേഗതയിൽ തിരിച്ചു പോയി. ജില്ലയിൽ താനൂർ ഹാർബർ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെമ്പാൻ കോള്‍ തീരമണിഞ്ഞത്. രണ്ടു മുതൽ എട്ടു ലക്ഷം രൂപ വരെ ചെമ്പാൻ ചാകര ചുണ്ടൻവള്ളങ്ങൾക്ക് ലഭിച്ചു. എന്നാലിത് രണ്ട് ദിവസത്തിലധികം നീണ്ടു നിന്നില്ല. വന്ന വേഗതയിൽ തന്നെ ചെമ്പാന്റെ സാന്നിധ്യം കടലിൽ കാണാതായി.
മംഗലാപുരം കേന്ദ്രീകരിച്ച് വ്യാവസായിക ആവശ്യത്തിനായി പ്രവർത്തിക്കുന്ന മീൻ പൊടിക്കൽ മില്ലുകളിലേക്കാണ് മത്തി, അയല തുടങ്ങിയ മത്സ്യങ്ങളെ പോലെ ചെമ്പാനും കയറ്റിപോകുന്നത്. വ്യാവസായിക വിപണിയിലേക്ക് മത്സ്യം എത്ര ലഭിച്ചാലും ഏറ്റടുക്കാൻ തയ്യാറാകുന്നത് മത്സ്യത്തൊഴിലാളികൾക്ക് വീണുകിട്ടിയ അവസരമാണ്.
എന്നാൽ പ്രതീക്ഷയുടെ വേഗതയിലേറെ നിരാശയുടെ ഓളങ്ങളാണ് ചാകരയുടെ ഉൾവലിയിലൂടെ കടലമ്മ സമ്മാനിച്ചത്. കുട്ടക്ക് 1600 രൂപയോളം ചെമ്പാന്‍ തീര ലേല വിപണിയിൽ കിട്ടിയിരുന്നു. നന്നേ പ്രയാസപ്പെടുമ്പോൾ എക്കാലത്തും കടലിന്റെ മക്കളോട് കടലമ്മ കനിവ് കാട്ടാറുണ്ടെന്നും, കടൽ നിറഞ്ഞു പെയ്ത കർക്കിട മഴയിൽ ചാകര വരുമെന്നാണ് കണക്ക് കൂട്ടലെന്നും മത്സ്യത്തൊഴിലാളി സംഘടന നേതാവ് പോക്കുവിന്റെ പുരക്കൽ സിദ്ദീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.