പരപ്പനങ്ങാടി: ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം. ദയ മെഡിക്കൽസ്, സെൻട്രൽ സ്റ്റോർ, അൽ അമീൻ ഹോൾസെയിൽ ഷോറൂം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ദയ മെഡിക്കൽസിൽനിന്ന് 75000 രൂപ മോഷ്ടിക്കുകയും സിസ്റ്റത്തിന്റെ ഹാർഡ് ഡിസ്ക് തകർക്കുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ സ്റ്റോറിൽനിന്നും അൽ അമീൻ ഹോൾസെയിൽ ഷോറൂമിൽനിന്നും ചില്ലറ നാണയ ശേഖരത്തിലെ 10000 രൂപയോളം നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ഷോപ്പുടമകളും പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷനും പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ കാരണം തിരിച്ചു പോകേണ്ടിവന്നു. സി.സി.ടി.വിയിൽ തെളിഞ്ഞ മോഷ്ടാക്കളുടെ പടം പൊലീസിന് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടൗണിലെ ഒരു വാടക വീട്ടിൽ മോഷണശ്രമമുണ്ടായതായും വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാക്കാൾ ഓടി മറഞ്ഞതായും പൊതു പ്രവർത്തകൻ പി.പി. സിദ്ദീഖ് പറഞ്ഞു. പൊലീസുമായി സഹകരിച്ച് വ്യാപാരികൾ രാത്രികാല സംയുക്ത പട്രോളിങ്ങിനിറങ്ങാൻ തീരുമാനിച്ചതായി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുജീബ് ദിൽദാർ അറിയിച്ചു. പരപ്പനങ്ങാടി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലുള്ള സി.സി.ടി.വി കാമറകൾ കാര്യക്ഷമമാക്കും.
വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നതായി പരാതി കിട്ടിയ ഉടൻ പരപ്പനങ്ങാടി പൊലീസ് വ്യാപാര ഭവനത്തിലെത്തി മർച്ചന്റ്സ് അസോസിയേഷൻ നേതാക്കളുമായി ചർച്ച നടത്തി. പരപ്പനങ്ങാടി എസ്.എച്ച് ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഞ്ചപ്പുര വ്യാപാര ഭവനിലെത്തിയത്. മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വം അടിയന്തര പ്രവർത്തകസമിതിയും വിളിച്ചുചേർത്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് ദിൽദാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.