ഇരിമ്പിളിയം: ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ നവീകരണം നടക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. ജലസേചന വകുപ്പിനു കീഴിൽ ഭാരതപ്പുഴയോരത്ത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയോടനുബന്ധിച്ച കനാലിന്റെ ഭിത്തികളുടെ നവീകരണ പ്രവർത്തനമില്ലാത്തതിനാലാണ് വെള്ളം ചോർന്നു പോവുന്നത്. മങ്കേരി ഉൾപ്പെടെയുള്ള 300 ഏക്കർ വയലിലെ നെൽക്കൃഷിക്കാണ് കനാലിലെ വെള്ളം ഉപയോഗിക്കുന്നത്.
മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ വഴിയാണ് വെള്ളം വയലുകളിലെത്തുന്നത്. കനാലിന്റെ വരമ്പുകൾ പല ഭാഗത്തും തകർന്നതിനിടെ തുടർന്ന് വെള്ളം ചോർന്നു പോവുകയാണ്. ഒന്നര പതിറ്റാണ്ടായി കനാൽ നവീകരണം നടത്തിയിട്ടെന്ന് കർഷകർ പറയുന്നു. കർഷകർ പലതവണ പ്രശ്നം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഏറ്റവുമധികം നെൽക്കൃഷി നടക്കുന്ന പഞ്ചായത്താണ് ഇരിമ്പിളിയം. കനാൽ ചോർച്ച കാരണം ജലസേചന സൗകര്യം ഇല്ലാത്തതിനാൽ ഒട്ടേറെപ്പേർ നെൽകൃഷി വേണ്ടെന്നുവെക്കാനുള്ള തീരുമാനത്തിലാണ്. കനാൽ നവീകരണം നടത്തണമെന്ന് മങ്കേരി പാടസംരക്ഷണ സമിതി അവശ്യപ്പെട്ടു. കെ.പി. യുസഫ് അധ്യക്ഷത വഹിച്ചു. പി. ദാമോദരൻ, എം.ടി. ഉണ്ണികൃഷ്ണൻ, പി. മണികണ്ഠൻ, സുലൈമാൻ, എം.ടി. ഗോപാലകൃഷ്ണൻ, സി.ആർ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.