മൂസ, കൊല്ലപ്പെട്ട കൊടീരി ബാവക്കുത്ത് ഹൈദ്രു

https://www.madhyamam.com/kerala/local-news/malappuram/edakkara/kodiri-hydru-murder-case-takes-a-new-turn-581672

കൊടീരി ഹൈദ്രു വധം: നിരപരാധിയെന്ന് പ്രതി

മലപ്പുറം: എടക്കര കൊടീരി ഹൈദ്രു വധക്കേസിൽ ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽ വിട്ട താൻ നിരപരാധിയാണെന്ന് എടക്കര മണക്കാട് മുസ്​ലിയാരകത്ത് മൂസ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2005 ജൂലൈ 18നാണ് പോത്തുകല്ല് കുറുമ്പലങ്ങോട്ട്​ ഹൈദ്രു കൊല്ലപ്പെട്ടത്.

സമീപത്തെ തെയ്യമ്പാടത്ത് അന്നേദിവസം താൻ ജോലിയാവശ്യാർഥം പോയിരുന്നു. എന്നാൽ, ഹൈദ്രുവിനെ അറിയുകയോ ഒരിക്കലും കാണുകയോ ചെയ്തിട്ടില്ലെന്ന് മൂസ പറയുന്നു. സംഭവം നടന്നശേഷം പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തു. 2007ൽ കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം തന്നെ 27 തവണ ഓഫിസിലേക്ക് വിളിപ്പിച്ചു. പി. വിക്രമൻ ഡിവൈ.എസ്.പിയായി വന്ന ശേഷം 2020 മേയ്​ 26ന് ഹാജരാകാൻ പറഞ്ഞു.

ജൂൺ ആറിന് വീണ്ടും വിളിപ്പിച്ച് കുറ്റം സമ്മതിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമർദനത്തിനിരയാക്കി. ഇതോടെ നിലമ്പൂർ, പെരിന്തൽമണ്ണ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പൊലീസ് മർദനത്തിനെതിരെ ജൂൺ 23ന് ഹൈകോടതിയെ സമീപിച്ചതിൽ പകപോക്കാനാണ് പ്രതിയാക്കിയതെന്നും മൂസ ആരോപിച്ചു. ജൂണിൽ അന്വേഷണ സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മേശവലിപ്പിൽനിന്ന്​ രക്തം കണ്ടെത്തിയെന്ന് വ്യാജ തെളിവുണ്ടാക്കി. 2008ൽ വാങ്ങിയതാണ് അലമാര. കൊലപാതകം നടന്നത് അതിനും മൂന്നുവർഷം മുമ്പാണ്. നുണപരിശോധനയിൽ കളവ് പറഞ്ഞെന്നാണ് മറ്റൊരു വാദം. ഇക്കഴിഞ്ഞ നവംബർ 12നായിരുന്നു അറസ്​റ്റ്​. അന്നുതന്നെ ജാമ്യം ലഭിച്ചു. കള്ളക്കേസിൽ കുടുക്കിയതിനെതിരെ നിയമപരമാ‍യി മുന്നോട്ടുപോവുമെന്നും മൂസയും പിതാവ് കോയയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.