ഇച്ഛാശക്തിക്ക് മുന്നിൽ പൊരുതിനേടിയ വിജയവുമായി ശരത് മോഹൻ
മാറഞ്ചേരി: ഇച്ഛാശക്തിക്ക് മുന്നിൽ പൊരുതിനേടിയ വിജയവുമായി മാറഞ്ചേരി സ്വദേശിയായ ശരത് മോഹൻ. കോയമ്പത്തൂരിൽ നടന്ന എം.ആർ.എഫ് ദേശീയ ബൈക്ക് റാലിയിൽ ശരത് മോഹൻ ഗ്രൂപ് വൺ എ കാറ്റഗറിയിൽ റണ്ണറപ്പായി. തകരാറുകൾ സംഭവിച്ച ബൈക്കിൽ ഇച്ഛാശക്തി കൈവിടാതെ പൊരുതിയ മാറഞ്ചേരി അവുണ്ടിത്തറ സ്വദേശി എം. രാജ് മോഹെൻറ മകൻ ശരത് മോഹനനാണ് എം.ആർ.എഫ് ദേശീയ ബൈക്ക് റാലിയിൽ കേരളത്തിന് അഭിമാനമായി മാറിയത്.
ബംഗളൂരുവിലും മംഗളൂരുവിലും നടന്ന റാലികളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മൂന്നാമത് റാലിക്കായി കോയമ്പത്തൂരിൽ എത്തിയത്. എന്നാൽ, മത്സരത്തിന് തൊട്ടുമുന്നേ ബൈക്ക് കേടുവരുകയും അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെ നിരാശയോടെ മടങ്ങാനൊരുങ്ങി.
എന്നാൽ, തോൽക്കുമെന്ന് ഉറപ്പായിട്ടും പങ്കാളിയാവാൻ വേണ്ടി മാത്രം മത്സരത്തിൽ മാറ്റുരക്കുകയും ഇച്ഛാശക്തിയോടെ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ ബൈക്കിെൻറ പരിമിതികളെല്ലാം ശരത് മോഹന് മുന്നിൽ കീഴടങ്ങി.
കേടുവന്ന ബൈക്കുമായി ശരത് മോഹൻ ഫിനിഷ് ചെയ്തത് ഗ്രൂപ് വൺ എ കാറ്റഗറിയിൽ റണ്ണറപ്പായാണ്. ആദ്യമായാണ് വലിയൊരു റാലി മത്സര ഇനങ്ങളിൽ പങ്കെടുത്തതെന്നതും വിജയത്തിന് തിളക്കംകൂട്ടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി പങ്കെടുത്ത എഴുപതോളം പ്രഫഷനൽ റൈഡർമാർക്കിടയിൽനിന്നാണ് ശരത് മോഹൻ മികച്ചനേട്ടം കൈവരിച്ചത്.
ഫുട്ബാളിൽ വിസ്മയം തീർക്കുന്ന റിസ്വാൻ ഇനി ലൂക്ക സോക്കറിൽ
മാറഞ്ചേരി: ഫുട്ബാൾ സ്കില്ലിൽ വിസ്മയം തീർക്കുന്ന മാറഞ്ചേരി വടമക്ക് സ്വദേശിയായ റിസ്വാൻ ഇനി മലപ്പുറം ലൂക്കാ സോക്കറിൽ തുടർപഠനം നടത്തും. പൊന്നാനി താലൂക്ക് അർബൺ ബാങ്ക് സീനിയർ അക്കൗണ്ടൻറ് റഷീദ് പോഴത്തേതിെൻറയും മാറഞ്ചേരി സീഡ് ഗ്ലോബൽ സ്കൂൾ ഹെഡ്മിസ്ട്രസ് നജ്മത്തിെൻറയും മകനായ റിസ്വാെൻറ ഫുട്ബാൾ വൈഭവം നവമാധ്യമങ്ങൾ വഴി കണ്ടത് ലക്ഷക്കണക്കിന് പേരായിരുന്നു. പല ഫുട്ബാൾ പ്രമുഖരും അഭിനന്ദനം അറിയിക്കുകയും ചെയ്തതോടെ ഈ 13കാരൻ താരമാവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുക എന്നതാണ് ലക്ഷ്യമെന്നും എല്ലാവരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും റിസ്വാൻ പറഞ്ഞു.
മികച്ച എൻ.എസ്.എസ് വളൻറിയർ അവാർഡ് മാറഞ്ചേരി സ്വദേശിനിക്ക്
മാറഞ്ചേരി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷനൽ സർവിസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന മികച്ച എൻ.എസ്.എസ് വളൻറിയർ അവാർഡിന് മാറഞ്ചേരി സ്വദേശിയും കോഴിക്കോട് കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുമായ ബി.പി. റാഷിദ തെരഞ്ഞെടുക്കപ്പെട്ടു.
എം.വി.ആർ കാൻസർ സെൻററുമായി സഹകരിച്ച് നടത്തിവരുന്ന 'പിങ്ക് ഇനിഷ്യറ്റിവ്' എന്ന സ്തനാർബുദ ബോധവത്കരണം, പ്രളയാനന്തര പ്രവർത്തനങ്ങൾ, പ്രീ മെട്രിക് ബോയ്സ് ട്രൈബൽ ഹോസ്റ്റലിലെ വിവിധ പ്രവർത്തനങ്ങൾ, ജല സ്രോതസ്സുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ശുചിത്വ മിഷനുമായി കൂടിച്ചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാന പ്രവർത്തനങ്ങൾ എന്നിവയിലെ നേതൃത്വമാണ് അവാർഡിന് അർഹയാക്കിയത്.
തൃച്ചിയിൽ നടന്ന സൗത്ത് സോൺ പ്രീ റിപ്പബ്ലിക് പരേഡ് ക്യാമ്പിലും ഇടുക്കിയിൽ നടന്ന നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പിലും പങ്കെടുത്തു. മാറഞ്ചേരി വലിയവളപ്പിൽ അഷ്റഫിെൻറയും നസീമയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.