മലപ്പുറം: ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും നിറങ്ങളും കുറച്ച് മലപ്പുറത്തിന്റെ ആരോഗ്യം കാക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ പദ്ധതി. ഇവ മൂന്നും ആരോഗ്യം തകർക്കുമെന്ന ബോധവത്കരണം ജനങ്ങളിലെത്തിക്കുക, ഇവയുടെ ഉപയോഗം കുറക്കാൻ ഹോട്ടലുകൾക്കും ബേക്കറികൾക്കും കർശന നിർദേശം നൽകുക, അവ കൃത്യമായി പരിശോധിക്കുക എന്നിവയാണ് പദ്ധതിലുള്ളത്.
ഇതിന്റെ ആദ്യപടിയായി ചൊവ്വാഴ്ച മുതൽ കലക്ടറേറ്റിൽ നടക്കുന്ന സർക്കാർ യോഗങ്ങളിൽ മധുരമിടാത്ത ചായയാണ് നൽകുക. മാർച്ച് ഒന്നു മുതൽ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും മധുരം കുറച്ച ചായ നൽകാനും ഭക്ഷണത്തിൽ ഉപ്പും നിറങ്ങളും കുറക്കാനും നിർദേശം നൽകും. ഇവ മൂന്നും മലപ്പുറത്ത് അമിതമായി ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതായി ജില്ല കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. ജീവിത ശൈലിരോഗങ്ങളുടെ കാര്യത്തിൽ ജില്ല മുൻപന്തിയിലാവാൻ ഇത് പ്രധാനകാരണമാണ്.
പഞ്ചസാര ഇടാത്ത ചായ കുടിക്കുക എന്നത് വളരെ പ്രധാനമാണ്. അത് ശീലിച്ചാൽ സാധ്യമാവുന്നതേയുള്ളൂ. ഉപ്പിന്റെ അളവും കുറക്കണം. അർബുദത്തിന് കാരണമാവുന്ന നിറങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ലഭ്യമാവാത്ത സാഹചര്യം ജില്ലയിൽ സൃഷ്ടിക്കും. അതിന് ഹോട്ടലുകൾക്കും ബേക്കറികൾക്കും നിർദേശം നൽകും. റസിഡൻസ് അസോസിയേഷൻ പോലുള്ള കുട്ടായ്മയിലൂടെ ബോധവത്കരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.