ഇരിമ്പിളിയത്ത് പോര് മുറുകി

ഇരിമ്പിളിയം: ജില്ല അതിർത്തിയായ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും പോര് മുറുകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒമ്പത് വാർഡുകളിലും എൽ.ഡി.എഫ് എട്ട് വാർഡുകളിലും വിജയിച്ചു. പുതുതായി മൂന്ന് വാർഡുകൾ വർധിച്ച് 20 വാർഡുകളായി മാറിയിട്ടുണ്ട്. 12 വാർഡുകളിൽ മുസ്‍ലിം ലീഗും എട്ട് വാർഡുകളിൽ കോൺഗ്രസും ആണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.

എൽ.ഡി.എഫിൽ 16 വാർഡുകളിൽ സി.പി.എമ്മും നാല് വാർഡുകളിലൽ ജെ.ഡി.എസും ആണ് മത്സരിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നൽകിയിരുന്ന സി.പി.ഐക്ക് ഈ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നില്ല. കഴിഞ്ഞ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിൽ സി.പി.ഐ സ്വതന്ത്രയായി ജയിച്ച ഷഫീദ ബേബി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വെണ്ടല്ലൂർ ഡിവിഷനിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് വലിയ കുന്ന് സൗത്ത് വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുന്നു. ഇതിനെ തുടർന്ന് സുരേഷിനെ പാർട്ടിയിൽനിന്ന് നേതൃത്വം പുറത്താക്കുകയും ചെയ്തു.

തുടർച്ചയായി മൂന്ന് കാലയളവിലും യു.ഡി.എഫ് ഭരണ സമിതിയാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഭരിച്ചത്. ഭരണം നിലനിർത്താൻ യു.ഡി.എഫും, 15 വർഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും അരയും തലയും മുറുക്കി രംഗത്തുണ്ട്. ബി.ജെ.പി 11 വാർഡുകളിലും എസ്.ഡി.പി.ഐ ഒരു വാർഡിലും മത്സരിക്കുന്നു. കോൺഗ്രസ് നേതാവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.ടി. ഷഹനാസ് വട്ടപ്പറമ്പ് വാർഡിൽനിന്നും, മുസ്‍ലിം ലീഗ് വനിത നേതാവും നിലവിലെ ഗ്രാമപഞ്ചായത്ത് വൈ പ്രസിഡന്റുമായ ഫസീല ജനറൽ വാർഡായ കാരപ്പറമ്പിൽനിന്ന് മത്സരിക്കുന്നു. ഇവിടെ നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം സി.പി.എമ്മിലെ ടി.പി. മെറീഷാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.ടി. മൊയ്തു, സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കെ.പി.എ. സത്താർ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ടി.പി. ജംഷീർ തുടങ്ങിയവർ മത്സരിക്കുന്നവരിൽ പ്രമുഖരാണ്. വരും ദിവസങ്ങളിൽ ഇരു മുന്നണികളും തമ്മിലുള്ള പോരാട്ടം കനക്കും. പഞ്ചായത്തിൽ ചെയ്ത വികസന നേട്ടങ്ങളിൽ ഊന്നിയും ഭരണ തുടർച്ചക്കായി യു.ഡി.എഫും നാടിന് മാറ്റം വേണമെന്നും പഞ്ചായത്തിൽ അധികാരത്തിൽ വന്നാൽ വികസനം സാധ്യമാകും എന്ന പ്രചാരണവുമായി എൽ.ഡി.എഫും പോരാട്ട വീര്യവുമായി രംഗത്തുണ്ട്. ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയിൽനിന്ന് കുടിവെള്ള വിതരണം സുരക്ഷിതമാക്കാൻ ഇടിയറക്കടവിൽ സ്ഥിരം തടയണ, വലിയ കുന്ന് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം, ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യം, ജലസേചന പദ്ധതികളുടെ നവീകരണം തുടങ്ങിയ വിഷയങ്ങളും വോട്ടർമാർക്കിടയിൽ ചർച്ചയാണ്.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.