കോട്ടക്കലിലെ ഉരുക്കുകോട്ടയിൽ ആടിയുലഞ്ഞ് യു.ഡി.എഫ്

കോട്ടക്കൽ: മുസ്‍ലിം ലീഗിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന കോട്ടക്കലിൽ യു.ഡി.എഫ് മുന്നണി സംവിധാനം തകിടം മറിയുന്നു. കോൺഗ്രസിന് അനുവദിച്ച സീറ്റിൽ ലീഗ് നേതാവ് മത്സര രംഗത്ത് എത്തിയതാണ് കടുത്ത ഭിന്നതയിലേക്ക് നീങ്ങിയത്. ഇതോടെ 35 വാർഡുകളുള്ള കോട്ടക്കലിൽ 19 സീറ്റിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ലീഗിന്റെ സിറ്റിങ് വാർഡുകളിലടക്കം അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്.

ഉഭയകക്ഷി തീരുമാന പ്രകാരം കോൺഗ്രസിന് അനുവദിച്ചത് ഒമ്പത് സീറ്റാണ്. ഇതിൽ 32ാം വാർഡായ ഗാന്ധിനഗറിലാണ് വാർഡ് ലീഗ് ജനറൽ സെക്രട്ടറിയായ മങ്ങാടൻ അബ്ദുല്ലക്കുട്ടി എന്ന അബ്ദു പ്രചാരണമാരംഭിച്ചത്. ബന്ധുകൂടിയായ മങ്ങാടൻ മരക്കാർ എന്ന ബാപ്പുട്ടിയാണ് കോൺഗ്രസ് സ്ഥാനാർഥി. ലീഗ് നേതാവിനെ മത്സര രംഗത്തുനിന്ന് പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പുറത്താക്കൽ നടപടി ഒരുതരത്തിലും അംഗീകരിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഇതിന് കാരണമായി പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുഭവമാണ്. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച കുർബ്ബാനി വാർഡിലും വനിത ലീഗ് നേതാവ് വിമത സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

സി.പി.എം സ്ഥാനാർഥി വിജയിച്ച ഇവിടെ മൂന്നാം സ്ഥാനമാണ് കോൺഗ്രസിന് ലഭിച്ചത്. മാത്രമല്ല ഇവരെ മത്സരസമയത്ത് പുറത്താക്കിയ ലീഗ് നേതൃത്വം ആഴ്ചകൾക്കകം ബാങ്ക് ഡയറക്ടറായി തെരഞ്ഞെടുക്കുകയും ചെയ്തു. വിമത സ്ഥാനാർഥിയെ പിൻവലിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. കൺവെൻഷൻ നടത്തി വാർഡ് ലീഗ് കമ്മിറ്റി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും കോൺഗ്രസിനെ പ്രകോപിതരാക്കി. ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന പൊതുവികാരമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്.

മുൻസിപ്പൽ, മണ്ഡലം യു.ഡി.എഫ് കമ്മിറ്റികൾക്കും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വിഷയം കോൺഗ്രസ് ജില്ല, സംസ്ഥാന നേതാക്കൾ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റി. വിമതന്റെ പ്രചാരണ വാർത്ത ‘മാധ്യമം’ ശനിയാഴ്ച നൽകിയിരുന്നു.

Tags:    
News Summary - Local body election; UDF on edge, candidate list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.