കാളികാവ്: ഒറ്റപ്പെടലറിയാതെ വാർധക്യത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്ന ചോക്കാട്ടെ കുഞ്ഞൻ - തങ്ക ദമ്പതികളിൽ കുഞ്ഞൻ വിട പറഞ്ഞു. 86കാരനായ കുഞ്ഞനും തങ്കയും അടക്കാകുണ്ട് ഹിമ കെയർ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച ഇവിടെ വെച്ചാണ് കുഞ്ഞൻ മരിച്ചത്. ചോക്കാട് പാമ്പീര്യം പൊയിൽ കോളനിയിലെ അന്ധനായ കുഞ്ഞൻ ഭിക്ഷാടനം നടത്തിയായിരുന്നു ജീവിച്ചിരുന്നത്. വാർധക്യസഹജമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ ജീവിതം വഴിമുട്ടിയ ദമ്പതികളെ കാളികാവ് അടക്കാക്കുണ്ടിലെ ഹിമ കെയർ ഹോം ഏറ്റെടുക്കുകയായിരുന്നു.
ഹിമ കെയർ ഹോം ഏറ്റെടുക്കുന്നതിന് മുമ്പ് കുഞ്ഞനും ഭാര്യയും പ്രായാധിക്യവും അവശതയും കാരണം ഏറെ ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്. മാധ്യമങ്ങൾ ഇവരുടെ ദുരിതം വാർത്തയാക്കിയതോടെ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയും മറ്റ് നിരവധി സന്നദ്ധ സംഘടനകളും ഇവർക്ക് സഹായങ്ങൾ നൽകി. ഇവർ കഴിഞ്ഞിരുന്ന വീട് ജീർണിക്കുകയും രണ്ടുപേരും കൂടുതൽ അവശതയിലാവുകയും ചെയ്തതോടെ ബ്ലോക്ക് പഞ്ചായത്തംഗം റസിയ സൈനുദ്ദീന്റെ ഇടപെടലിനെ തുടർന്ന് ചോക്കാട് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വീട് പുതുക്കിപ്പണിതു. ഭക്ഷണവും എത്തിച്ച് നൽകിയിരുന്നു.
സ്വന്തം നിലയിൽ നടക്കാൻ പോലും കഴിയാത്ത കുഞ്ഞനെ ശുശ്രൂഷിക്കാൻ തങ്കക്ക് കഴിയാതെ വന്നതോടെയാണ് ഹിമയിൽ എത്തിക്കാൻ തീരുമാനിച്ചത്. ഭക്ഷണം, ചികിത്സ, പരിചരണം എന്നിവയെല്ലാം ഇവിടെ നൽകി. മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത ഈ ദമ്പതികൾ ഹിമയിൽ മറ്റു അന്തേവാസികൾക്കൊപ്പം സന്തോഷത്തോടെ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് വാർധക്യസഹജമായ രോഗത്താൽ കുഞ്ഞൻ വിടചൊല്ലിയത്. കുഞ്ഞന്റെ മൃതദേഹം ബന്ധുക്കളും ഗ്രാമപഞ്ചായത്ത് അധികൃതരും ഏറ്റുവാങ്ങി. വെള്ളിയാഴ്ച സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.