ആക്കുമ്പാർ അണ്ടർപാസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം
കാളികാവ്: നാടിന്റെ ചിരകാല സ്വപ്നമായ കാളികാവ്-പാണ്ടിക്കാട് അണ്ടർ പാസിന് ആവശ്യമേറുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ ആക്കുമ്പാർ കാക്കാത്തോട് റെയിൽപാലത്തിന് സമീപമാണ് നീരട്ടിമുക്ക് അണ്ടർപാസിനുള്ള ശ്രമം നടക്കുന്നത്. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. ഇനി റെയിൽവേ അനുമതി മാത്രമാണ് ലഭിക്കാനുള്ളത്.
പാണ്ടിക്കാട്, തുവ്വൂർ, കാളികാവ് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ആക്കുമ്പാർ റെയിൽവേ അണ്ടർപാസ്. കാളികാവ്-തുവ്വൂർ റോഡിനെയും വാണിയമ്പലം-ചെമ്പ്രശ്ശേരി-പൂളമണ്ണ റോഡിനെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട പാത മഞ്ചേരി-മലപ്പുറം ഭാഗത്തേക്കുള്ള യാത്രക്ക് ഏറെ ദൂരം കുറക്കും. ബലക്ഷയം നേരിടുന്ന തുവ്വൂർ കമാനം മേൽപാലത്തിന്റെ നവീകരണം നടക്കുമ്പോൾ ബദൽ ഗതാഗതം ഇതിലൂടെ സാധ്യമാകും. കഴിഞ്ഞ ദിവസം തുവ്വൂരിലെത്തിയ സതേൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കുൾപ്പെടെയുള്ള സംഘത്തിന് പദ്ധതിയുടെ പ്ലാൻ കൈമാറി. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമാരാജൻ, തുവ്വൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി. ജസീന, പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് രോഹിൽ നാഥ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പദ്ധതി മുന്നിൽകണ്ട് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അനുവദിച്ച 40 ലക്ഷം രൂപ ചെലവിൽ കാക്കാത്തോടിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. എ.പി. അനിൽകുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവിൽ അപ്രോച്ച് റോഡിന്റെ നിർമാണവും നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.