കാളികാവ് കേന്ദ്രീകരിച്ച് ഗവ. കോളജിന് താൽക്കാലിക കെട്ടിടമായി ഉപയോഗിക്കാൻ പഴയ സഫ
ഹോസ്പിറ്റൽ സമുച്ചയത്തിൽ ഉദ്യോഗസ്ഥർ
പരിശോധന നടത്തുന്നു
കാളികാവ്: കാളികാവിൽ ഗവ. കോളജ് എന്ന സ്വപ്നത്തിന് ചിറകുമുളക്കുന്നു. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കാളികാവിൽ ഗവ. കോളജിന് സാധ്യതപഠനം നടത്താൻ ഉന്നതസംഘം സന്ദർശനം നടത്തി. എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളജ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.വി. ഷാജിയടക്കമുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. താൽക്കാലികമായി ക്ലാസ് തുടങ്ങാൻ സ്ഥലം കണ്ടെത്തുന്നതിന് കാളികാവ് അങ്ങാടിയിലെ നാമിയ കോംപ്ലക്സും ചെങ്കോട്ടുള്ള പഴയ സഫ ആശുപത്രി കെട്ടിടവും സംഘം സന്ദർശിച്ചു. റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും.
സൗകര്യമൊരുക്കാൻ തയാറാണെന്ന് എം.എൽ.എയും പഞ്ചായത്ത് ഭരണസമിതിയും സംഘത്തിന് ഉറപ്പുനൽകി. വിഷയത്തിൽ എ.പി. അനിൽകുമാർ എം.എൽ.എ നേരേത്ത അപേക്ഷ നൽകിയിരുന്നു. കോളജിന് സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കാൻ അഞ്ച് ഏക്കറിൽ കുറയാത്ത സ്ഥലം ആവശ്യമാണ്. മേഖലയിൽ കോളജ് അനുവദിച്ചാൽ കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, തുവ്വൂർ അടക്കമുള്ള പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് സൗകര്യമാകും. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.ആർ. ഷാജി, അക്കൗണ്ട്സ് ഓഫിസർ ടി. മണി , സീനിയർ ക്ലർക്ക് വി.എസ്. ഗോപിൻ, പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോൾ, വൈസ് പ്രസിഡന്റ് കെ. സുബൈദ, സ്ഥിരം സമിതി ചെയർമാൻമാരായ എൻ. മൂസ, രമാരാജൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.