മലപ്പുറം: ജപ്പാനീസ് മല്ലയുദ്ധമുറയായ, ജൂഡോ പഠിക്കുന്നവരുടെ എണ്ണം ജില്ലയിൽ കൂടിവരുന്നുണ്ടെങ്കിലും ഈ കായികയിനം അഭ്യസിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം തീർത്തും അപര്യാപ്തം. ഒളിമ്പിക്സ് കായികയിനമായ ജൂഡോ, സ്കൂൾ ഗെയിംസിൽകൂടി ഉൾപ്പെടുത്തിയതോടെയാണ് ഇത് പഠിക്കാൻ കുട്ടികൾ കൂടുതലായി മുന്നോട്ടുവരുന്നത്. പെൺകുട്ടികൾ വലിയതോതിൽ ജൂഡോ പഠിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്ന പുതിയ ട്രെൻഡ് ജില്ലയിലുണ്ട്. ഞായറാഴ്ച മലപ്പുറത്ത് നടന്ന ഖേലോ ഇന്ത്യ സംസ്ഥാന വനിത ജൂഡോ ചാമ്പ്യൻഷിപ്പിലെ 200 മത്സരാർഥികളിൽ നൂറോളം പേർ ജില്ലയിൽനിന്നുള്ളവരാണ്. ജൂഡോ അസോസിയേഷൻ സംഘടിപ്പിച്ച ജില്ല ചാമ്പ്യൻഷിപ്പിൽ മലപ്പുറത്ത് 400ലേറെ മത്സരാർഥികൾ ഉണ്ടായിരുന്നു. ഗ്രേസ് മാർക്ക് നേടിയെടുക്കുന്നതിനൊപ്പം സ്വയംപ്രതിരോധനത്തിനുള്ള അഭ്യാസ മുറയെന്ന നിലക്കും ജൂഡോയെ പെൺകുട്ടികൾ കാണുന്നു.
എന്നാൽ, ജില്ലയിൽ ജൂഡോ പരിശീലന സൗകര്യം നാമമാത്രമാണ്. സ്പോർട്സ് കൗൺസിലിലെ ആറ് ഹോസ്റ്റലുകളിൽ ഒന്നിൽ പോലും പരിശീലനത്തിന് സൗകര്യമില്ല. ജില്ലയിലെ സ്പോർട്സ് ഹോസ്റ്റലുകളിൽ കനോയിങ്, കബഡിയടക്കം പരിശീലിക്കാൻ സംവിധാനമുണ്ടെങ്കിലും ജൂഡോക്കില്ല. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന ആകെയൊരു പരിശീലന കേന്ദ്രം നിറമരുതൂർ ഗവ. സ്കൂളിലേതാണ്. ഇവിടെ സർക്കാർ നേരിട്ട് ട്രെയിനറെ വെച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. സ്പോർട്സ് ഫൗണ്ടേഷൻ പദ്ധതിപ്രകാരം പത്തു ജില്ലകളിൽ കഴിഞ്ഞ മാർച്ചിൽ സ്ഥാപിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണിത്. താനൂർ ഫിഷറീസ് സ്കൂളിൽ ചെറിയതോതിൽ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പൂർണ സജ്ജമായിട്ടില്ല. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലും സായ് തൃശൂർ കേന്ദ്രത്തിലും തൃശൂർ, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലുമാണ് നിലവിൽ ജൂഡോ പരിശീലനത്തിന് സൗകര്യമുള്ളൂ.
എതിരാളികളെ മലർത്തിയടിക്കുന്ന, നിരായുധ കായികരൂപമെന്ന നിലക്ക് ജൂഡോ പരിശീലനത്തിനും മത്സരങ്ങൾക്കും പ്രധാനമായും വേണ്ടത്, മികച്ച ഗുണനിലവാരമുള്ള മാറ്റാണ്. നല്ല മാറ്റിന്റെ അഭാവത്തിൽ താരങ്ങൾ വീണുവലിയ പരിക്കുകൾ വരാനുള്ള സാധ്യതയേറെയാണ്. റബർഫോംഡ് മാറ്റിന് ഒന്നിന് 6500 രൂപ വിലവരും. ഇങ്ങനെ 70 മുതൽ 96 വരെ മാറ്റുകൾ ചേർത്തുവെച്ചാണ് ജൂഡോ പ്ലേയിങ് ഏരിയ ഒരുക്കുന്നത്. മാറ്റുകൾക്ക് മാത്രം മൂന്നേക്കാൽ ലക്ഷം രൂപവേണം. പ്ലേയിങ് ഏരിയ സ്ഥിരമായി സംവിധാനിക്കാൻ ഇൻഡോർ സ്റ്റേഡിയംപോലുള്ള സ്ഥലസൗകര്യവും ആവശ്യമാണ്. നിലവിൽ ജില്ലയിൽ മികച്ച പ്ലേയിങ് ഏരിയ ഉള്ളത് നിറമരുതൂർ സ്കൂളിൽ മാത്രമാണ്. ജില്ലയിൽ വാഴക്കാട്, എളങ്കൂർ, നെല്ലിക്കുത്ത്, മഞ്ചേരി, പന്തല്ലൂർ, ഒഴൂർ, നിറമരുതൂർ, താഴെക്കോട്, താനൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുട്ടികൾ വൻതോതിൽ ജൂഡോ അഭ്യസിക്കുന്നുണ്ട്. മിക്കയിടത്തും കനംകുറഞ്ഞ മാറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ പരിശീലനം നടത്തുന്നത്. ഇത് വലിയ പരിക്ക് ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. 2009 മുതലുള്ള വർഷങ്ങളിൽ സ്പോർട്സ് കൗൺസിൽ ജില്ലയിലെ എട്ട് സ്കൂളുകൾക്ക് പരിശീലനത്തിന് പരിമിതമായ തോതിൽ മാറ്റ് നൽകിയിരുന്നു. ഭാരമേറിയതായതിനാൽ മാറ്റുകൾ സ്ഥിരമായി വിരിച്ചിടണം. സ്കൂളുകളിലൊന്നും ഇതിനാവശ്യമായ സ്ഥലസൗകര്യമില്ല. 2019നുശേഷം പരിശീലന കേന്ദ്രങ്ങൾക്ക് മാറ്റ് വാങ്ങിനൽകുന്ന പദ്ധതി തുടരാൻ സർക്കാർ തയാറായില്ല. കരാട്ടേ പരിശീലനത്തിന് പഞ്ചായത്തുകൾ ഫണ്ട് വെക്കുന്നുണ്ടെങ്കിലും ആ പരിഗണന ജൂഡോക്ക് നൽകുന്നില്ല.
വിദഗ്ധ പരിശീലകരുടെ കുറവാണ് മലപ്പുറം ഒട്ടുമിക്ക ജില്ലകളിലും കുട്ടികൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം. സംസ്ഥാനത്തുതന്നെ 50 അംഗീകൃത പരിശീലകരേയുള്ളൂ. എൻ.ഐ.എസ് ഡിേപ്ലാമയോ ജൂഡോ ഫെഡറേഷൻ ബ്ലാക്ക് ബെൽറ്റ് ഡിേപ്ലാമ ഉള്ളവരോ ആണ് ജൂഡോയുടെ അംഗീകൃത ട്രെയിനർമാർ. കോച്ചുമാരുടെ കുറവ് പരിഹരിക്കാൻ കേരള ജൂഡോ അസോസിയേഷൻ ഇൻസ്ട്രക്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ച് കൂടുതൽ പരിശീലകരെ കളത്തിലിറക്കുന്നുണ്ട്. മുൻ ദേശീയ, സംസ്ഥാന താരങ്ങൾ ഇപ്പോൾ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്. ഏറെ നിയമങ്ങളുള്ള ഒരു മത്സരയിനമെന്ന നിലക്ക് മികച്ച പരിശീലകർ ജൂഡോക്ക് ആവശ്യമാണ്. സ്പോർട്സ് ഫൗണ്ടേഷൻ സെന്ററുകളിലും സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലുള്ള പരിശീലകർക്ക് മാത്രമേ സർക്കാർ വേതനം നൽകുന്നുള്ളൂ. കൂടുതൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുകയും വിദഗ്ധ ട്രെയിനർമാരെ മികച്ച വേതനം നൽകി നിയമിക്കുകയും ചെയ്താൽ നല്ല കഴിവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ സാധിക്കും. പെൺകുട്ടികൾ ഈ കായികഇനത്തിലേക്ക് കൂടുതലായി കടന്നുവരുന്നതിനാൽ മികച്ച വനിത പരിശീലകരെയും അത്യാവശ്യമാണ്. നിലവിൽ 15ൽ താഴെയാണ് വനിത പരിശീലകരുടെ അംഗസംഖ്യ.
മലപ്പുറം: ‘അസ്മിത’ ഖേലോ ഇന്ത്യ സംസ്ഥാന വനിത ജൂഡോ ലീഗ് മത്സരങ്ങൾ പൂർത്തിയായി. വടക്കൻ ജില്ലകളിൽനിന്നുള്ള 200ലേറെ താരങ്ങളാണ് മലപ്പുറത്ത് ഞായറാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. സബ്ജൂനിയർ, കാഡറ്റ് വിഭാഗങ്ങളിൽ 17 കാറ്റഗറികളിലായിരുന്നു മത്സരം. നേരത്തേ തെക്കൻ ജില്ലകളിലെ 100ഓളം കായിക താരങ്ങൾ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചിരുന്നു. വനിതകളുടെ കായികാഭിരുചി വർധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സ്പോർട്സ് യുവജനകാര്യ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിയദർശനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസർ ഡി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ പ്രസിഡന്റ് കെ.വി. അൻവർ അധ്യക്ഷത വഹിച്ചു. എ. ശ്രീകുമാർ, കെ. ജോയ് വർഗീസ്, സി. സുരേഷ്, പി.ആർ. റെൻ, അഡ്വ. ടോം കെ. തോമസ്, എ. ജിതിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.