തിരൂരങ്ങാടി: മഞ്ഞപ്പിത്തം പടരുന്നത് മേഖലയിൽ ആശങ്ക പരത്തുന്നു. തിരൂരങ്ങാടി, നന്നമ്പ്ര മേഖലകളിലാണ് രോഗം പടരുന്നത്. തിരൂരങ്ങാടിയിലെ ഓറിയന്റൽ യു.പി സ്കൂളിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്ത അഞ്ച് കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
അശുദ്ധമായ വെള്ളത്തിലൂടെയും ആഹാരപദാർഥങ്ങളിലൂടെയുമാണ് കൂടുതലായി പകരുന്നത്. ചെങ്കണ്ണും ഇതിനൊപ്പം പടരുന്നത് കടുത്ത ആശങ്ക പരത്തുന്നുണ്ട്. ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തുന്നുണ്ട്.
കടുത്ത ശരീര വേദന, പനി, ക്ഷീണം, ഛർദി, വയറുവേദന, മൂത്രത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും മലമൂത്ര വിസർജ്ജന ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
മഞ്ഞപ്പിത്തം ബാധിച്ചവർക്ക് പൂർണ വിശ്രമം വേണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.തിരൂരങ്ങാടി പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.