കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ ഇന്റർസോൺ കലോത്സവം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
ഉണർന്നു, കലയുടെ കളിത്തട്ട്; ഇന്റര്‍സോണ്‍ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം
പ്രവീണ്‍ കെ. ഉള്ളണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഇനി കലയുടെ കലക്കന്‍ രാപകലുകള്‍. സ്റ്റേജിതര മത്സരങ്ങളോടെ ഇന്റര്‍സോണ്‍ കലോത്സവത്തിന് കളിയരങ്ങ് ഉണര്‍ന്നു. സര്‍ഗാത്മക വസന്തം വിരിഞ്ഞ കാമ്പസില്‍ ഇനി നാലുനാള്‍ ഉത്സവമാണ്. ‘റെസിസ്റ്റ് സാഫ്രോണൈസേഷന്, റൈസ് യുവര്‍ വോയ്സ്’ എന്നതിന്റെ ചുരുക്കരൂപമായ ‘റസ റാവോ’ പേരിലുള്ള കലോത്സവത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമായി. പ്രബന്ധരചന, പൂക്കളം, രംഗോലി, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, എംബ്രോയിഡറി, പെയിന്റിങ് എണ്ണച്ചായം, ജലച്ചായം, ഫോട്ടോഗ്രഫി, ചെറുകഥരചന, കാര്‍ട്ടൂണ്‍ ഇനങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായി. കാമ്പസിലെ വിവിധ പഠനവിഭാഗങ്ങളിലായി വ്യാഴാഴ്ചയും സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച സ്റ്റേജിന മത്സരങ്ങള്‍ തുടങ്ങും.
കലോത്സവം വ്യാഴാഴ്ച വൈകീട്ട് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. കാമ്പസില്‍ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രക്ക് ശേഷമാകും ഉദ്ഘാടന ചടങ്ങ്. വെള്ളിയാഴ്ച ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം, കഥകളിസംഗീതം, ലളിതഗാനം, ദേശഭക്തിഗാനം, സംഘഗാനം, ഗാനമേള, പാശ്ചാത്യസംഗീതം, തുകല്‍വാദ്യം, സുഷിരവാദ്യം, തന്ത്രിവാദ്യം, ബാന്‍ഡ്മേളം എന്നിവയും ശനിയാഴ്ച മാപ്പിളകലകളായ അറബനമുട്ട്, കോല്‍ക്കളി, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് എന്നിവയും അരങ്ങേറും.
സമാപനദിനമായ ഞായറാഴ്ച ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, കൂടിയാട്ടം, നാടോടിസംഗീതം, മാര്‍ഗംകളി, പഞ്ചവാദ്യം, മദ്ദളം, തുകല്‍വാദ്യം, ചെണ്ട, തായമ്പക എന്നിവയില്‍ മത്സരങ്ങൾ നടക്കും. 105 ഇനങ്ങളിലായി 2000ത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
കേരളവർമ മുന്നിൽ
തേഞ്ഞിപ്പലം: ഇന്റര്‍സോണ്‍ കലോത്സവത്തിലെ ആദ്യദിന സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ശ്രീകേരള വർമ കോളജ് 15 പോയന്റുമായി മുന്നില്‍. 14 പോയന്റ് നേടി പാലക്കാട് ഗവ. വിക്ടോറിയ കോളജ് രണ്ടാമതുണ്ട്. 13 പോയന്റുള്ള ഫാറൂഖ് ട്രെയിനിങ് കോളജാണ് മൂന്നാം സ്ഥാനത്ത്. ഒമ്പത് പോയന്റുള്ള തൃശൂര്‍ സെന്റ് മേരീസ് കോളജിനാണ് നാലാം സ്ഥാനം. ഏഴ് പോയന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അഞ്ചാം സ്ഥാനത്താണ്.കോവിഡിന് മുമ്പ് 2019ല്‍ ഒടുവിലായി തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജായിരുന്നു ജേതാക്കള്‍. സ്റ്റേജിതര വിഭാഗത്തില്‍ ബുധനാഴ്ച 14 ഇനങ്ങളിലെ മത്സരങ്ങളാണ് പൂര്‍ത്തിയായത്.
നഗരിയില്‍ ഇന്ന്
- 9.00: കവിതാ രചന
- (മലയാളം, സംസ്കൃതം,
- തമിഴ്, അറബി)
- 9.00: പ്രസംഗം (അറബി, തമിഴ്)
- 10.00: പ്രസംഗം (ഹിന്ദി,
- ഉറുദു, സംസ്കൃതം)
- 10.00: കൊളാഷ്
- 11.00: ഡിബേറ്റ്,
- അക്ഷരശ്ലോകം
- 11.30: ക്ലേ മോഡലിങ്
- 12.00: ക്വിസ്
- 1.00: കവിതാ രചന (ഹിന്ദി, ഉറുദു, ഇംഗ്ലീഷ്)
- 2.00: പോസ്റ്റര്‍ രചന,
- കാവ്യകേളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.