റെയിൽവേ സ്റ്റേഷനുകളിൽ ഡി.ആർ.എം പരിശോധന
തിരൂർ: ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനവും ആവശ്യമായ സൗകര്യങ്ങളും നേരിട്ടറിയാൻ ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മധുകർ റോട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തിരൂർ, പരപ്പനങ്ങാടി, താനൂർ, വള്ളിക്കുന്ന്, തിരുനാവായ, കുറ്റിപ്പുറം സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടത്തിയതും അല്ലാത്തതുമായ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതിയും സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളും സംഘം വിലയിരുത്തി. അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തിരൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനുകളിൽ ഇനി ആവശ്യമായ സൗകര്യങ്ങളെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്ന് ഡി.ആർ.എം വിശദാംശങ്ങൾ ശേഖരിച്ചു.
പ്ലാറ്റ്ഫോമുകളിൽ ഷെൽറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്ന താനൂർ സ്റ്റേഷനിലെ കൂടുതൽ വികസനസാധ്യതകളും പരിശോധിച്ചു. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും ആവശ്യങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ‘റെയിൽ ജൻസംവാദി’ൽ യാത്രക്കാരുന്നയിച്ച ആവശ്യങ്ങളിൽ പരിഗണിക്കാവുന്നവ സംബന്ധിച്ചും ചർച്ച നടന്നു. സ്റ്റേഷനുകളിലെത്തിയ യാത്രക്കാരും സംഘടനപ്രതിനിധികളും തങ്ങളുടെ ആവശ്യങ്ങൾ ഡി.ആർ.എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തിരൂരിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളും മലബാർ റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും ഉന്നയിച്ചു. നിവേദനവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.