മലപ്പുറം: ജില്ല ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേനാംഗങ്ങൾ ഒരു മാലയുണ്ടാക്കിയിട്ടുണ്ട്. മുത്തുകളോ കല്ലുകളോ പൂക്കളോ അല്ല അതിൽ കോർത്തിരിക്കുന്നത്. ചൈനീസ് സ്റ്റീൽ മോതിരങ്ങളാണ്. വിരലിൽ കുടുങ്ങിയ അവസ്ഥയിൽ യുവാക്കളും വിദ്യാർഥികളും ഫയർ ഫോഴ്സിന്റെ സഹായം തേടിയെത്തുമ്പോൾ സേനാംഗങ്ങൾ ഊരിയെടുക്കും. എന്നിട്ടത് മാലയിൽ കോർക്കും. ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരായ ബോധവത്കരണമാണ് മാലയുണ്ടാക്കലിന് പിന്നിൽ. വില കുറഞ്ഞ ചൈനീസ് മോതിരങ്ങൾ യുവാക്കൾക്കിടയിൽ ഹരമായിട്ടുണ്ട്.
വിരലിൽ കുടുങ്ങിയാൽ ഊരിയെടുക്കാൻ സ്വന്തം നിലക്ക് പരമാവധി ശ്രമിക്കും. ഗൃഹോപകരണങ്ങളും സോപ്പും എണ്ണയും ഉൾപ്പെടെ പരീക്ഷിക്കും. വിരലുകൾ വീർക്കുകയല്ലാതെ നിരാശയായിരിക്കും ഫലം. കഠിനമായ വേദനയോടെ വീങ്ങിയ ചർമവുമായി ഇവർ സ്വർണപ്പണിക്കാരെയും തട്ടാൻമാരെയടക്കം സമീപിക്കും. ഒടുവിലാണ് ആശുപത്രികളിലേക്കോ ഫയർ സ്റ്റേഷനുകളിലേക്കോ ഓടുക. മോതിരം നീക്കം ചെയ്യുന്നതിൽ ആശുപത്രികളും പലപ്പോഴും പരാജയപ്പെടുന്നുവെന്നും ഫയർമാൻമാരുടെ സഹായംതന്നെ വേണ്ടിവരാറുണ്ടെന്നും മലപ്പുറം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ പറയുന്നു. മെഡിക്കൽ കോളജുകളിൽ നിന്ന് വരെ ഫയർ സ്റ്റേഷനുകളിലേക്ക് വിളിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രതിമാസം 20ലേറെ കേസുകൾ മലപ്പുറത്തെത്തുന്നു. ഒരു ദിവസം നാല് കേസുകൾ വരെ കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ഫയർ സ്റ്റേഷനുകളിലും ഇത്തരം കേസുകൾ ലഭിക്കുന്നുണ്ട്. അവർ നീക്കംചെയ്ത മോതിരങ്ങൾ കുപ്പികളിൽ സൂക്ഷിക്കുമ്പോൾ തങ്ങൾ മാല പോലെ കോർത്തുവെക്കുകയാണെന്ന് ഗഫൂർ വ്യക്തമാക്കി. ചൈനീസ് മോതിരങ്ങൾ എളുപ്പത്തിൽ വിരലിൽ കുടുങ്ങും. ആദ്യം നൂൽ ഉപയോഗിച്ച് നീക്കംചെയ്യാൻ നോക്കും. പിന്നെയാണ് കട്ടർ ഉപയോഗിക്കുക.
സ്വർണംപോലെ എളുപ്പത്തിൽ വളയുന്നതല്ല ചൈനീസ് ഉരുക്കു മോതിരങ്ങൾ. പുലർച്ച വരെ അസഹനീയ വേദനയോടെ ആളുകൾ എത്താറുണ്ട്. ഊരിയെടുത്ത സന്തോഷത്തിൽ പലരും ഫയർമാന്മാർക്ക് പലഹാരങ്ങൾ നൽകിയാണ് മടങ്ങാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.