മലപ്പുറം: രാജിവെച്ച ക്ഷേമകാര്യ സ്ഥിരം സമിതിയിലെ അംഗത്വം തെരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും ഏറ്റെടുത്ത് മുസ്ലിം ലീഗ് അംഗം. നഗരസഭ അഞ്ചാം വാർഡ് അംഗമായ സി.കെ. സഹീറാണ് നേരത്തെ രാജിവെച്ച അംഗത്വസ്ഥാനം വീണ്ടും ഏറ്റെടുത്തത്. ഭരണസമിതിയുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്നും നടപടികൾ ബഹിഷ്കരിക്കുകയാണെന്നും കാണിച്ച് പ്രതിപക്ഷം നഗരസഭ സ്ഥിരസമിതി അംഗ തെരഞ്ഞെടുപ്പ് യോഗം തുടങ്ങിയതോടെ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടപടികൾ വരണാധികാരി പൂർത്തിയാക്കി. പാർട്ടിയുടെ ധാരണപ്രകാരമായിരുന്നു സഹീർ ക്ഷേമകാര്യ സമിതിയിൽനിന്ന് അംഗത്വം രാജിവെച്ചത്.
തുടർന്ന് 39ാം വാർഡ് കൗൺസിലറായിരുന്ന നൂറേങ്ങൽ സിദ്ദീഖ് വഹിച്ചിരുന്ന ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ പദവി അദ്ദേഹത്തിന്റെ മരണശേഷം സഹീർ ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പകരം തെരഞ്ഞെടുപ്പ് കമീഷൻ ഒഴിവ് വന്ന ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സഹീറിന്റെ സ്ഥാനം രാജിവെക്കൽ ഫലം കണ്ടില്ല. നിലവിൽ മരണപ്പെട്ട അംഗമൊഴികെ 39 അംഗങ്ങളിൽ 38 പേരും ഓരോ സ്ഥിരസമിതികളിൽ അംഗങ്ങളാണ്. നേരത്തെ രാജിവെച്ചതോടെ അംഗമല്ലാത്തത് സി.കെ. സഹീർ മാത്രമായിരുന്നു. ബുധനാഴ്ച നടന്ന അംഗത്വ തെരഞ്ഞെടുപ്പിന് സഹീർ നാമനിർദേശ പ്രതിക സമർപ്പിക്കേണ്ടത് അനിവാര്യതയായി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വന്നതോടെ സഹീറിനെ ക്ഷേമകാര്യ സ്ഥിരസമിതിയിലേക്ക് തെരഞ്ഞടുത്തതായി വരാണാധികാരിയായ ജില്ല പട്ടികജാതി വികസന ഓഫിസർ മണികണ്ഠൻ പ്രഖ്യാപിച്ചു.
ഭരണസമിതിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, ഉപനേതാവ് സി.എച്ച്. നൗഷാദ്, അംഗങ്ങളായ കെ.പി.എ ഷരീഫ്, പി.എസ്.എ ശബീർ, സി. സുരേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.